പുതിയ ഛിന്നഗ്രഹം കണ്ടെത്തി നോയിഡ സ്വദേശിയായ 14 വയസുകാരൻ; പേര് കൂടി നൽകൂവെന്ന് കുട്ടിയോട് നാസ

ദില്ലി: ബഹിരാകാശത്തിന്‍റെ പല നിഗൂഢതകളും ഇപ്പോഴും ഭൂമിയിൽ വസിക്കുന്ന മനുഷ്യർക്ക് മനസിലാക്കാൻ കഴിയാത്ത ഒരു പ്രഹേളികയായി തുടരുന്നു. ഇപ്പോഴിതാ, ഉത്തർപ്രദേശിലെ നോയിഡയിലെ സ്‌കൂൾ വിദ്യാർത്ഥി ഇത്തരമൊരു ദുരൂഹത തുറന്നുകാട്ടി തന്‍റെ പേര് ഭൂമി മുതൽ ആകാശം വരെ പ്രസിദ്ധമാക്കിയിരിക്കുന്നു. നോയിഡയിലെ ശിവ് നാടാർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദക്ഷ മാലിക്കാണ് ഒരു ഛിന്നഗ്രഹം കണ്ടെത്തി നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ (നാസ) ഉൾപ്പെടെ കയ്യടി നേടിയത്. ബഹിരാകാശത്ത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തില്‍ നിന്നുള്ള ഒരു പുതിയ ഛിന്നഗ്രഹത്തെയാണ് കുട്ടി കണ്ടെത്തിയത്.  

പതിനാലുകാരനായ ദക്ഷ മാലിക് ഒരു ഛിന്നഗ്രഹം കണ്ടെത്തിയത് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) അംഗീകരിച്ചതായി ദി പ്രിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. ദക്ഷ് മാലിക്കും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. ഈ ഛിന്നഗ്രഹത്തിന് നിലവിൽ ‘2023 OG40’ എന്നാണ് താല്‍ക്കാലിക പേര് നൽകിയിരിക്കുന്നത്. കണ്ടെത്തിയ വർഷത്തെ അടിസ്ഥാനമാക്കിയാണ് ഈ താൽക്കാലിക പേര്. ദക്ഷ മാലിക്കിനോട് ഛിന്നഗ്രഹത്തിന് സ്ഥിരമായ പേര് നൽകാൻ നാസ ആവശ്യപ്പെട്ടിട്ടുണ്ട്. താമസിയാതെ ദക്ഷ നൽകുന്ന പേര് ഈ ഛിന്നഗ്രഹത്തിന് ലഭിക്കും.

യുഎസ് ബഹിരാകാശ ഏജൻസിയുടെ ഇന്‍റര്‍നാഷണൽ അസ്‌ട്രോണമിക്കൽ സെർച്ച് സഹകരണവുമായി (IASC) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന പ്രോഗ്രാമായ നാസയുടെ ഇന്‍റര്‍നാഷണൽ ആസ്റ്ററോയിഡ് ഡിസ്‌കവറി പ്രോജക്‌റ്റിൽ (ഐഎഡിപി) മൂവരും പങ്കെടുത്തിരുന്നു. പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഡാറ്റ വിശകലനം ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ദക്ഷ് എങ്ങനെയാണ് ഛിന്നഗ്രഹം കണ്ടെത്തിയത്?

ദക്ഷ മാലിക്കും അദേഹത്തിന്‍റെ ചില സ്കൂൾ സുഹൃത്തുക്കളും കഴിഞ്ഞ ഒന്നര വർഷമായി ഇന്‍റര്‍നാഷണൽ ആസ്റ്റ്റോയ്ഡ് ഡിസ്കവറി പ്രോജക്ടിന്‍റെ (ഐഎഡിപി) ഭാഗമായി ബഹിരാകാശത്ത് ഛിന്നഗ്രഹങ്ങൾക്കായി തിരയുകയായിരുന്നു. സ്‌കൂളിലെ ജ്യോതിശാസ്ത്ര ക്ലബ് 2022-ൽ ഇന്‍റര്‍നാഷണൽ അസ്‌ട്രോണമിക്കൽ സെർച്ച് സഹകരണത്തെ (IASC) കുറിച്ച് മെയിൽ അയച്ചപ്പോഴാണ് വിദ്യർത്ഥികൾക്ക് ഈ അവസരം ലഭിച്ചത്.

Read more: ആദ്യ ദൗത്യം വിജയമാക്കി പുതിയ ഇസ്രൊ ചെയര്‍മാന്‍; നൂറാം വിക്ഷേപണം നിയന്ത്രിച്ചത് മലയാളിയായ തോമസ് കുര്യൻ

നാസയുടെ ഡാറ്റാസെറ്റുകളും സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച് പുതിയ ഛിന്നഗ്രഹങ്ങൾ കണ്ടെത്താൻ നാസയെ സഹായിക്കാൻ ലോകമെമ്പാടുമുള്ള ആളുകളെയും വിദ്യാർത്ഥികളെയും ക്ഷണിക്കുന്ന നാസയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഒരു പൗര-ശാസ്ത്ര പരിപാടിയാണ് ഐഎഎസ്‍സി. എല്ലാ വർഷവും, ലോകമെമ്പാടുമുള്ള 6000-ലധികം പങ്കാളികൾ ഐഎഡിപിയിൽ പങ്കെടുക്കുന്നു. ഇത് സ്റ്റെം ആൻഡ് സ്പേസ് ഓർഗനൈസേഷനും ഐഎഎസ്‍സിയും നടത്തുന്നതാണ്. ഈ പദ്ധതിയിലൂടെ എല്ലാ വർഷവും ചില പുതിയ ഛിന്നഗ്രഹങ്ങൾ കണ്ടെത്തുന്നുണ്ട്. ഐഎഎസ്‌സി വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ദക്ഷിന് മുമ്പ്, ഇന്ത്യയിൽ നിന്നുള്ള മറ്റ് അഞ്ച് വിദ്യാർത്ഥികൾ പേരുള്ള ഛിന്നഗ്രഹങ്ങൾ കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

ദക്ഷ് തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വർഷത്തിലേറെയായി ഈ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നു. സ്‍കൂളിലെ ജ്യോതിശാസ്ത്ര ക്ലബ്ബിന്‍രെ ഭാഗമായി നാസ ഡാറ്റാസെറ്റുകൾ പങ്കിട്ടു. ഛിന്നഗ്രഹത്തെ സൂചിപ്പിക്കുന്ന ഖഗോള വസ്തുക്കളെ തിരയാൻ അസ്ട്രോണമിക്ക എന്ന സോഫ്റ്റ്‌വെയര്‍ കുട്ടികളെ സഹായിച്ചു. അങ്ങനെ ഛിന്നഗ്രഹമാണെന്ന് തോന്നിക്കുന്ന വസ്‍തുവിനെ അവർ തിരിച്ചറിയുകയും കൂടുതൽ പരിശോധനയ്ക്കായി  നാസയെ വിവരം അറിയിക്കുകയും ചെയ്തു. ഒടുവിൽ കുട്ടികളുടെ കണ്ടെത്തൽ നാസ സ്ഥിരീകരിക്കുകയായിരുന്നു.

Read more: 10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനില, 17 മിനിറ്റോളം കത്തിജ്ജ്വലിച്ച് ചൈനയുടെ കൃത്രിമ സൂര്യൻ; പുതിയ റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin