കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണാനെത്തിയയാളുടെ ബൈക്ക് മോഷണത്തിൽ പാളി, കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പിടിയിൽ

തൃശൂര്‍: കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍. പറവൂര്‍  കൈതാരം ചെറുപറമ്പില്‍ ശരത്ത് എന്ന ഭഗവാന്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള  ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പ്രതി മോഷ്ടിച്ചത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശം പ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും സമീപപ്രദേശങ്ങളിലെ സിസിടി.വി. ദ്യശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഭഗവാന്‍ ശരത് പറവൂരില്‍നിന്ന് അറസ്റ്റിലാവുന്നത്. തൃശൂരിലും പരിസര പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലുമായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.  

മാള പൊലീസ് സ്റ്റേഷനില്‍ 2020 വര്‍ഷം ഒരു ബൈക്ക് മോഷണ കേസും, 2022 വര്‍ഷം പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ രണ്ട് ബൈക്ക് മോഷണ കേസും, 2023 വര്‍ഷം കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വീടും, ഫ്രൂട്ട്‌സ് കടയും കുത്തി പൊളിച്ച് മോഷണം നടത്തിയ രണ്ട് കേസും, 2024 വര്‍ഷം ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനില്‍ മീന്‍കട കുത്തിപൊളിച്ച് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, എസ്.ഐ. സജില്‍, എസ്.ഐമാരായ വൈഷ്ണവ് രാമചന്ദ്രന്‍, ജഗദീഷ്, പൊലീസ് ഉദ്യോഗസ്ഥരായ ഷമീര്‍, അനസ്, അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin