ടീമിലെത്തിയത് ഷെയ്ൻ വോണിന്‍റെ പകരക്കാരനായി, ഇന്ന് ടെസ്റ്റിൽ 10000 റൺസ്; അമ്പരപ്പിച്ച് സ്റ്റീവ് സ്മിത്ത്

ഗോള്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു റണ്‍സകലെ കൈവിട്ട 10000 റണ്‍സെന്ന നാഴികക്കല്ല് സ്റ്റീവ് സ്മിത്ത് ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അടിച്ചെടുത്തപ്പോള്‍ അത് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ കൗതുക കണക്കുകളിലൊന്നുകൂടിയായി മാറി. മഹാരഥന്‍മാര്‍ കളമൊഴിഞ്ഞ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ പകരക്കാരനായി വന്നൊരാള്‍, ആദ്യ മത്സരങ്ങളിലെല്ലാം ലെഗ് സ്പിന്നറായി ടീമിലെത്തി എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ താരം. ഇന്നിപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച നാലാമത്തെ മാത്രം ഓസ്ട്രേലിയന്‍ താരമാണെന്നറിയുമ്പോൾ ആരുമൊന്ന് അന്തംവിടും.

ലെഗ് സ്പിന്നറെന്ന നിലയില്‍ ഷെയ്ന്‍ വോണിന്‍റെ പകരക്കാരനായില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ ഓസീസ് ഇതിഹാസങ്ങള്‍ക്കൊപ്പമാണ് 35-ാം ടെസ്റ്റ് സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്ത് കസേരവലിച്ചിട്ടിരുന്നത്. അസാധാരണ സ്റ്റാന്‍സ് കൊണ്ടും കളി ശൈലികൊണ്ടും  ക്രീസിലെ നര്‍ത്തകനെന്ന് വിളിപ്പേരുള്ള സ്റ്റീവ് സ്മിത്ത് ഇടക്കൊന്നും നിറം മങ്ങിയപ്പോള്‍ എഴുതിത്തള്ളിയവരെയൊക്കെ ബൗണ്ടറി കടത്തിയാണ് അവസാനം കളിച്ച ആറ് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയുമായി പഴയ മോജോ തിരിച്ചുപിടിച്ചത്.

രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം നാളെ ബിഹാറിനെതിരെ, വരുൺ നായനാരും ഏദൻ ആപ്പിൾ ടോമും ടീമില്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്നിട്ട് പോലും സ്റ്റീവ് സ്മിത്തിന്‍റെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി ഇപ്പോഴും 56.44 ആണെന്നത് എതിരാളികളെ പോലും അമ്പരപ്പിക്കുന്നതാണ്. 18 മാസക്കാലം ഒരു സെഞ്ചുറി പോലും ഇല്ലാതിരുന്നിട്ടും ദീര്‍ഘകാലം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് അനിഷേധ്യനായിരുന്ന സ്മിത്ത് ഒരിക്കല്‍ പോലുംടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായിട്ടില്ല.

ഫാബ് ഫോറിലെ ജോ റൂട്ടും കെയ്ൻ വില്യംസണും സെഞ്ചുറികള്‍ അടിച്ചുകൂട്ടുമ്പോഴും കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മിത്തും കോലിയും നിശബ്ദരായിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പെര്‍ത്തിലും അഡ്‌ലെയ്ഡിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും വലിയ സ്കോര്‍ നേടാതെ മടങ്ങിയതോടെ വിസ്മയകരമാകേണ്ട കരിയര്‍ നിരാശയോടെ അവസാനിക്കുന്നുവെന്നതായിരുന്നു ആരാധകരുടെ  ആശങ്ക. എന്നാല്‍ ബ്രിസ്ബേനിലും പിന്നാലെ മെല്‍ബണിലും തന്‍റെ പ്രിയപ്പെട്ട എതിരാളികള്‍ക്കെതിരെ സെഞ്ചുറിയുമായി തിരിച്ചുവന്ന സ്മിത്ത് ഇപ്പോള്‍ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ശ്രീലങ്കയിലും സെഞ്ചുറിയുമായി ശക്തനായി തിരിച്ചെത്തിയിരിക്കുന്നു.

മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്, സഞ്ജുവും പുറത്താകുമോ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുളള ഇന്ത്യയുടെ സാധ്യതാ ടീം

കരിയറില്‍ ഇതുവരെ കളിച്ച 115 ടെസ്റ്റില്‍ 35 സെഞ്ചുറികളും 41 അര്‍ധസെഞ്ചുറികളും  ഉള്‍പ്പെടെ 10103 റണ്‍സാണ് സ്മിത്തിന്‍റെ നേട്ടം. റിക്കി പോണ്ടിംഗ്(13,378), അലന്‍ ബോര്‍ഡര്‍(11,174), സ്റ്റീവ് വോ(10927) എന്നിവര്‍ക്കുശേഷം ഓസ്ട്രേിയക്കായി ടെസ്റ്റില്‍ 10000 റൺസ് തികയ്ക്കുന്ന ബാറ്റര്‍ കൂടിയാണ് സ്റ്റീവ് സ്മിത്ത്. 35-ാം സെഞ്ചുറി നേട്ടത്തോടെ ടെസ്റ്റ് സെഞ്ചുറികളില്‍ ഇന്ത്യയുടെ സുനില്‍ ഗവാസ്കര്‍, പാകിസ്ഥാന്‍റെ യൂനിസ് ഖാന്‍, ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ, വെസ്റ്റ് ഇന്‍ഡീസിന്‍റെ ബ്രയാന്‍ ലാറ എന്നിവരെയും സ്മിത്ത് പിന്നിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin