20,000 ലിറ്റർ സ്പിരിറ്റെടുക്കാൻ ആന്ധ്രക്ക് പോയപ്പോൾ പെർമിറ്റ് നഷ്ടമായി; ഹോംകോയിൽ മരുന്ന് ഉത്പാദനം നിലച്ചു

തിരുവനന്തപുരം:ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹോംകോയ്ക്ക് അനുവദിച്ച സ്പിരിറ്റിന്‍റെ പെർമിറ്റ് നഷ്ടപ്പെട്ടു. 20,000 ലിറ്റർ സ്പിരിറ്റിന്‍റെ പെർമിറ്റാണ് നഷ്ടപ്പെട്ടത്. സ്പിരിറ്റ് കിട്ടാതായതോടെ മരുന്നുകളുടെ ഉത്പാദനം സ്തംഭിച്ചു. ആന്ധ്രാപ്രദേശ് ആസ്ഥാനമായ സെന്തിനി ബയോ പ്രൊഡക്ട്സ് എന്ന കമ്പനിയിൽ നിന്നാണ് ഹോംകോ സ്പിരിറ്റ് വാങ്ങുന്നത്. ഡിസംബറിൽ വാങ്ങേണ്ട 20,000 ലിറ്റർ സ്പിരിറ്റിന്‍റെ പെർമിറ്റ് ആന്ധ്രയിൽ വെച്ച് നഷ്ടമായെന്നാണ് ഹോംകോ പറയുന്നത്.

ഹോമിയോ മരുന്ന് ഉത്പാദനത്തിനായി ആവശ്യാനുസരണം രണ്ട് അല്ലെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ ഒക്കെയാണ് സ്പിരിറ്റ്‌ എത്തിക്കാറുള്ളത്. ഡിസംബറിൽ വാങ്ങേണ്ട സ്പിരിറ്റ് എത്താതായതോടെ മരുന്ന് ഉത്പാദനം ഏതാണ്ട് പൂർണമായും സ്തംഭിച്ചു. തൊഴിലാളികൾ ജോലി ചെയ്യുന്ന ഷിഫ്റ്റിൽ മാറ്റം വരുത്തിയതോടെയാണ് സ്പിരിറ്റ്‌ ഇല്ലാത്ത വിവരം പുറത്ത് അറിയുന്നത്. 

പെർമിറ്റ് രേഖകൾ നഷ്ടമായെന്നും പകരം പുതിയ പെർമിറ്റ് അനുവദിക്കണമെന്നും കാണിച്ച് ഹോംകോ എക്സൈസിന് റിപ്പോർട്ട് നൽകി. ആന്ധ്രാ പൊലീസിൽ പരാതി നൽകിയതിന്‍റെ വിവരങ്ങളും എക്സൈസിന് കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് 25000 ലിറ്ററിന്‍റെ പെർമിറ്റ് എക്സൈസ് അനുവദിച്ചു. എന്നാൽ, ആന്ധ്രയിൽ നിന്ന് ഇതുവരെ സ്പിരിറ്റ്‌ എത്തിയിട്ടില്ല. ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്ന കേരളത്തിലെ ഏക പൊതുമേഖല സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോർപ്പറേറ്റീവ് ഫാർമസി അഥവാ ഹോംകോ. പെർമിറ്റ് നഷ്ടപ്പെട്ട സംഭവം ഗൗരവമുള്ളതാണെന്നും വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

ചോറ്റാനിക്കരയിലേത് കൊലപാതക ശ്രമം; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം, വെന്‍റിലേറ്ററിൽ, പ്രതി അറസ്റ്റിൽ

By admin