നെന്മാറ: ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്റെ ഭാര്യയേയും മകളെയും മരുമകനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മൊഴി. ജാമ്യത്തിലിറങ്ങി മൂന്നുപേരെയും കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ചോദ്യം ചെയ്യലിൽ യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. അതിനിടെ ജനരോഷത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ നാടകീയമായി ചെന്താമരയെ ആലത്തൂർ ഡിവൈ.എസ്‍.പി ഓഫിസിലേക്ക് മാറ്റി. പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നിൽ ജനം തടിച്ചുകൂടിയിരുന്നു. ഗേറ്റ് തകർത്ത് പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ലാത്തിവീശിയാണ് നിയന്ത്രിച്ചത്. ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് നീക്കം. ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയുടെ മൊഴിയെടുത്തത്.ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും എസ്‍.പി അജിത് കുമാർ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരൻ പറഞ്ഞിരുന്നു. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ ചെന്താമരയെ പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്ന് പൊലീസ് പിടികൂടിയത്.പോത്തുണ്ടി മലയിലായിരുന്ന പ്രതി വിശന്നപ്പോൾ താഴെയിറങ്ങിയതായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ചെന്താമരയെ പോത്തുണ്ടി മലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് കെണിയൊരുക്കിയത്. പ്രതി രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരിക്കാൻ ഇടയില്ലെന്നതും പൊലീസ് കണക്കുകൂട്ടിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതോടെയാണ് ഇയാൾ പോത്തുണ്ടിമലയിൽനിന്ന് വീട്ടിലേക്ക് തിരിച്ചത്. വീടിന് സമീപമെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ലോക്കപ്പില്‍ പ്രതി ചിക്കനും ചോറും ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തുറന്ന കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതില്ലെന്നാണ് തീരുമാനം. പ്രത്യേക അനുമതി വാങ്ങി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുന്നില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്.അതേസമയം, ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ പറഞ്ഞു. ‘പുറത്തിറങ്ങാൻ ഭയമാണ്, തങ്ങൾക്ക് അച്ഛനെയും അമ്മയെയും അച്ഛമ്മയെയും നഷ്ടപ്പെട്ടു. നീതി കിട്ടണമെങ്കിൽ പ്രതിയെ കൊല്ലണം’ -മാധ്യമങ്ങൾക്ക് മുന്നിൽ മക്കൾ പൊട്ടിക്കരഞ്ഞ് പറഞ്ഞു.https://eveningkerala.com/images/logo.png