കൊടുവള്ളി : ജീവിതത്തിൽ പല നിലക്കും പ്രയാസങ്ങൾ അനുഭവിക്കുന്ന ഭിന്ന ശേഷിക്കാർക്ക് പൊതുസമൂഹത്തോടൊപ്പം ഉയർന്ന് വരാനാവശ്യമായ അവസരങ്ങളൊരുക്കൽ സമൂഹത്തിൻ്റെ ബാദ്ധ്യതയാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ആതുരശുശ്രൂഷാ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന തണൽ സ്ഥാപനങ്ങളുടെ അഞ്ചാം വാർഷിക പരിപാടിയിൽ ബധിര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗവൈകല്യങ്ങളുള്ളവർക്ക് പല തരത്തിലുള്ള കഴിവുകളുമുണ്ട്. അത് കൊണ്ടാണിപ്പോൾ അവരെ ക്കുറിച്ച് ഭിന്ന ശേഷിക്കാർ ( Differently abled) എന്ന് പറയുന്നത്. അവർക്ക് വിഭിന്നങ്ങളായ കഴിവുകളും ശേഷിയുമുണ്ടെന്നർത്ഥം. ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രിയും വിശ്വസാഹിത്യകാരനുമായ ഡോ താഹാ ഹുസൈനെ പോലെ കാഴ്ച ശേഷിയില്ലാത്ത നിരവധി പേർ വളരെ ഉയരത്തിലെത്തിയിട്ടുണ്ട്.
കാഴ്ച , കേൾവി, സംസാരം തുടങ്ങിയ കഴിവുകളില്ലാത്തവർക്കും പരിമിതിയുള്ളവർക്കും നല്ല പരിശീലനം നൽകിയാൽ വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും അവർ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ. മജീദ് മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ മടവൂരിൻ്റെ പ്രസംഗം ബധിര സുഹൃത്തുക്കൾക്ക് വേണ്ടി ആംഗ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. 
ഡഫ് വെൽഫെയർ ഫൗണ്ടേഷൻ പ്രസിഡൻ്റ് ടി.പി. ഹാരിസ്, സെക്രട്ടരി കെ ജംഷീർ, ഷഹ് ല ജാസ്മിൻ, കെ അബ്ദുറഹിമാൻ, പി.ടി അഹമദ്, കെ ഹസ്സൈൻ , ടി.പി മജീദ്, അബ്ദു മാസ്റ്റർ, എം ടി മജീദ് മാസ്റ്റർ, ഇ പി മജീദ്, ഒ.പി സലിം തുടങ്ങിയവർ സംസാരിച്ചു. ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ രണ്ട് ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മത, സാംസ്കാരിക, രാഷ്ട്രീയ, വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *