ബഹ്‌റൈൻ: കാസർകോട് സ്വദേശിയായ മണിപ്രസാദ്‌ നെഞ്ചുവേദനയുണ്ടായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റാവുകയായിരുന്നു. പരിശോധനകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നയാളാണെന്ന് കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തിനൊപ്പം കരൾ, വൃക്ക തകരാറുകളും കണ്ടെത്തി. 

എത്രയും വേഗം നാട്ടിലയച്ച് വിദഗ്ദ്ധ ചികിത്സ നൽകാൻ നിർദ്ദശിച്ച ഇദ്ദേഹത്തിന് യാത്രാ നിരോധനം നേരിടുകയായിരുന്നു. 2019 ൽ ഒരു സുഹൃത്തുമായി ചേർന്ന് ബിൽഡിങ് മെറ്റീരിയൽ ഷോപ്പ് തുടങ്ങുകയും കൊറോണ വന്നതോടെ വലിയ നഷ്ടത്തിലാകുകയും ചെയ്‌തു. 

ബഹ്‌റൈനിൽ ഒട്ടേറെ സാമ്പത്തിക ബാധ്യതകളും കേസുകളും നിലനിന്നിരുന്നു. കൂടാതെ നാട്ടിലെ വീട് ജപ്തിഭീഷണിയിലുമായിരുന്നു. യാത്രാസാധ്യമാക്കാൻ നാട്ടിൽ നിന്നും ബഹ്‌റൈനിലെ സുഹൃത്തുക്കളും കാരുണ്യ കൂട്ടായ്‌മ, പ്രതിഭ ബഹ്‌റൈൻ, രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവരും സഹായം നൽകി. പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് സുധീർ തിരുനിലത്തിന്റെ നിരന്തര ശ്രമഫലമായാണ് യാത്രാ നിരോധനം നീക്കിയത്. 

രണ്ടര മാസം മുമ്പ് ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി, മറ്റ് സന്നദ്ധ ഗ്രൂപ്പുകളിലേയ്ക്കും പ്രവാസിലീഗൽ സെല്ലിലേയ്ക്കും വിഷയം എത്തിക്കുകയായിരുന്നു. 

ഇദ്ദേഹത്തിന്റെ റൂം വാടക, കോടതിയിൽ അടയ്ക്കേണ്ടായിരുന്ന ഫീസ്, അസീൽ സൂപ്പർ മാർക്കറ്റിന്റെ സഹായത്തോടെ ഭക്ഷണം എന്നിവയും ഹോപ്പ് നൽകി. കൂടാതെ നാട്ടിലേയ്ക്ക് യാത്രയാകുമ്പോൾ തുടർചികിത്സയ്‌ക്ക് യാതൊരു മാർഗവും ഇല്ലാതിരുന്ന ഇദ്ദേഹത്തിന്  INR 1,73,872/- അക്കൗണ്ടിൽ അയച്ചു നൽകി. 
മാത്രവുമല്ല രണ്ട് ചെറിയ മക്കൾ അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും നൽകിയാണ് യാത്രയാക്കിയത്. ഹോപ്പിന്റെ ഹോസ്‌പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, അഷ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *