വരുണിന് അഞ്ച് വിക്കറ്റ്! ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം. രാജ്കോട്ട്, നിരഞ്ജന് ഷാ സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റ് (28 പന്തില്‍ 51), ലിയാം ലിവിംഗ്സ്റ്റണ് (24 പന്തില്‍ 43) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിലിപ്പ് സാള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്കി. പിന്നീട് ഡക്കറ്റ് – ജോസ് ബട്ലര് (24) സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് പോകുമെന്ന് തോന്നിക്കെയാണ് വരുണ്‍ ബ്രേക്ക് ത്രൂ ആയി വരുന്നത്. വരുണിന്റെ പന്തില്‍ സഞ്ജുവിന്റെ ഗംഭീര ക്യാച്ച്. തുടര്‍ന്നെല്ലാം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. തൊട്ടുപിന്നാലെ ഡക്കറ്റിനെ അക്സര്‍ മടക്കി. ഇംഗ്ലണ്ടിന്റെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ഹാരി ബ്രൂക്ക് (8), ജാമി സ്മിത്ത് (6), ജാമി ഓവര്‍ട്ടോണ്‍ (0), ബ്രൈഡണ്‍ കാര്‍സെ (3), ജോഫ്ര ആര്‍ച്ചര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആദില്‍ റഷീദ് (10), മാര്‍ക്ക് വുഡ് (10) പുറത്താവാതെ നിന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് വരുണ്‍ അഞ്ച് വിക്കറ്റെടുത്തത്. തിരിച്ചുവരവില്‍ ഷമി മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി. വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചില്ല.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജാമി ഓവര്ട്ടണ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യ: സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.