സുധാകരനും മകളും പരാതി നൽകിയിട്ടും കേസ് എടുത്തില്ല; പൊലീസിന് വീഴ്ച്ചയെന്ന് റിപ്പോർട്ട്, നടപടി വന്നേക്കും
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട്. സുധാകരനും മകളും പരാതി നൽകിയിട്ടും കേസ് എടുക്കാത്തത് പൊലീസിൻ്റെ വീഴ്ചയാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നു. ഇതിലും
പൊലീസ് നടപടി എടുത്തില്ല. നിലവിൽ നെന്മാറയിൽ ഇരട്ടക്കൊല കേസിൽ പൊലീസ് പ്രതികൂട്ടിലാണ്. ഇൻ്റലിജൻ്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെൻമാറ പൊലീസിനെതിരെ നടപടി വന്നേക്കും.
അതേസമയം, പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.
പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി. പലവിധ നിഗമനങ്ങളിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകിൽ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക് ഒളിച്ചുപോയിരിക്കാം. അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്റെ നിഗമനത്തിൽ മറ്റൊന്ന് വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.