മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നടന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ വിരലടയാളം പിടികൂടിയ പ്രതിയുടേതല്ലെന്ന മാധ്യമ വാർത്തകൾ തള്ളി മുംബൈ പൊലീസ്. വിരലടയാളങ്ങൾ ഒത്തുപോകുന്നില്ലെന്ന വിവരം തെറ്റാണെന്ന് മുംബൈ പൊലീസ് ജോയിന്‍റ് കമീഷണർ സത്യനാരായണൻ ചൗധരി പറഞ്ഞു. വിരലടയാള പരിശോധനയുടെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ ദീക്ഷിത് ജെദാം പറഞ്ഞു.മുംബൈ പൊലീസ് ഫോറൻസിക് സംഘം നടന്‍റെ വീട്ടിൽനിന്ന് 19 വിരലടയാളങ്ങളാണ് ശേഖരിച്ചത്. ഇത് ശാസ്ത്രീയ പരിശോധനകൾക്കായി സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനു (സി.ഐ.ഡി) കീഴിലുള്ള ഫിംഗര്‍പ്രിന്‍റ് ബ്യൂറോക്ക് അയച്ചുകൊടുത്തിരുന്നു. അതേസമയം, വിരലടയാള പരിശോധന റിപ്പോർട്ട് മുംബൈ പൊലീസിന്‍റെ ഫൊറൻസിക് ലാബിന് അയച്ചുകൊടുത്തതായാണ് സി.ഐ.ഡിയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കേസ് അന്വേഷിക്കുന്നത് മുംബൈ പൊലീസാണെന്നും അതിനാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നും ഇദ്ദേഹം പ്രതികരിച്ചു.വിരലടയാളങ്ങൾ പ്രതിയുടെതുമായി യോജിക്കുന്നില്ലെന്നും ഇത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയെന്നും ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സി.ഐ.ഡി വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. സി.ഐ.ഡി ലാബിലാണ് വിരലടയാള പരിശോധന നടത്തുന്നത്. വിരലടയാളങ്ങൾ പിടികൂടിയ പ്രതിയുടേതല്ലെന്ന കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായും അവര്‍ തുടര്‍ പരിശോധനകള്‍ക്കായി കൂടുതല്‍ വിരലടയാളങ്ങള്‍ അയച്ചുതന്നതായും സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു.https://eveningkerala.com/images/logo.png