ആലപ്പുഴയിൽ ബാർ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ചു; മാരാരിക്കുളം സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ ബാർ ജീവനക്കാരന് കുത്തേറ്റു. കഞ്ഞിക്കുഴി എസ് എസ് ബാറിലെ ജീവനക്കാരനായ സന്തോഷിനെയാണ് മദ്യലഹരിയിലായ മാരാരിക്കുളം സ്വദേശിയായ പ്രമോദ് അക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ബാറിനകത്ത് വെച്ച് മദ്യലഹരിയിൽ പ്രമോദ് ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ശേഷം ജീവനക്കാരനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
ജീവനക്കാരനെ ഓടിച്ചിട്ട് കുത്തി പരിക്കേൽപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മറ്റ് ജീവനക്കാർ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴെല്ലാം ഇയാൾ കത്തിവീശി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സന്തോഷിന് തലക്ക് പിന്നിൽ ഉൾപ്പെടെ മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരമാണ് പൊലീസ് നൽകുന്നത്. പ്രമോദിനെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.