ബ്രെസയുടെ പ്രത്യേക പതിപ്പ് രഹസ്യമായി പുറത്തിറക്കി മാരുതി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 2025 ഓട്ടോ എക്‌സ്‌പോയിൽ ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവി അനാച്ഛാദനം ചെയ്തുകൊണ്ട് കഴിഞ്ഞദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. ഒപ്പം ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ഏഴ് മോഡലുകളുടെ പ്രത്യേക പതിപ്പുകളും പ്രദർശിപ്പിച്ചു. ഇതിനകം വിൽപ്പനയ്‌ക്ക് എത്തുന്ന ഈ കാറുകളിലെ മിക്ക മാറ്റങ്ങളും ബാഹ്യ ഭാഗങ്ങളിൽ വരുത്തിയതാണ്. ഇതിൽ മാരുതി സുസുക്കി ബ്രെസ പവർപ്ലേ കൺസെപ്റ്റും ഉൾപ്പെടുന്നു. പുതിയ മാരുതി ബ്രെസയുടെ സവിശേഷതകൾ നോക്കാം.
പവർപ്ലേ കൺസെപ്റ്റിൽ ബ്രെസയുടെ മൊത്തത്തിലുള്ള ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും മാരുതി വരുത്തിയിട്ടില്ല. എങ്കിലും ഗ്രിൽ, ബമ്പർ, സ്മോക്ക്ഡ് ഹെഡ്‌ലൈറ്റുകൾ എന്നിവയിലെ കറുപ്പ് ട്രീറ്റ്‌മെൻ്റ് കാരണം ഇത് കൂടുതൽ പരുക്കനായി കാണപ്പെടുന്നു. ബ്രെസയുടെ ഈ കൺസെപ്റ്റ് പതിപ്പിൽ പുതിയ ഡ്യുവൽ-ടോൺ ഓറഞ്ച്, ബ്ലാക്ക് എക്സ്റ്റീരിയർ ഷെയ്ഡും ഉണ്ട്. മാരുതി സുസുക്കി ബ്രെസയുടെ വാതിലുകളിൽ വെള്ള നിറത്തിൽ ‘ബ്രെസ’ എന്ന് എഴുതിയിരിക്കുന്നു. ഇത് ബോൾഡ് ആയി കാണപ്പെടുന്നു. സാധാരണ ബ്രെസ്സയേക്കാൾ സ്‌പോർട്ടിയായി തോന്നിപ്പിക്കുന്ന ORVM-കളും (പുറത്തെ റിയർ വ്യൂ മിററുകളും) അലോയ് വീലുകളും കറുപ്പ് നിറച്ചിരിക്കുന്നു.
കൂടാതെ, എസ്‌യുവി പുതിയ ഡ്യുവൽ-ടോൺ ഓറഞ്ച്, ബ്ലാക്ക് പെയിൻ്റ് എന്നിവയിലും ചുറ്റിലും ബ്ലാക്ക്-ഔട്ട് ഘടകങ്ങളോട് കൂടിയതാണ്. വാഹനത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. പരമാവധി 101 bhp കരുത്തും 136 Nm torque ഉം സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ മാരുതി ബ്രെസയ്ക്കുള്ളത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് കാറിൻ്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ, CNG പവർട്രെയിൻ ഓപ്ഷനും ബ്രെസ്സയിൽ ലഭ്യമാണ്.
ഫീച്ചറുകൾ എന്ന നിലയിൽ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സൺറൂഫ്, ആംബിയൻ്റ് ലൈറ്റ്, വയർലെസ് ഫോൺ ചാർജർ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളാണ് മാരുതി ബ്രെസ്സയിൽ നൽകിയിരിക്കുന്നത്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, കാറിന് ആറ് എയർബാഗുകളും പിൻ പാർക്കിംഗ് സെൻസറും നൽകിയിട്ടുണ്ട്. മുൻനിര മോഡലിന് 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്‌സ് ഷോറൂം വില.