‘വനനശീകരണം, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി’:ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ
‘വനനശീകരണം, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി’:ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ

ബെംഗലൂരു: കർണാടകയിലെ ഗവിഗുഡ്ഡയിലെ വനമേഖലയിൽ ഋഷബ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1 (കാന്താര 2 എന്നും അറിയപ്പെടുന്നു) എന്ന ചിത്രത്തിന്‍റെ  ഷൂട്ടിംഗ് മൂലം പ്രദേശത്തെ വനപ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടായെന്ന് ആരോപണം. ഇവിടുത്തെ ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം. 

ഷൂട്ടിംഗിനിടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്, ഇത് നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാര്‍ അടക്കം ഇതിനെ എതിര്‍ത്തെന്നും. ഇത് പ്രശ്നമുണ്ടാക്കിയെന്നുമാണ് വിവരം. 

അതേ സമയം ഷൂട്ടിംഗിനിടെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മില്‍ നടന്ന തര്‍ക്കം മൂലം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. 

യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഷൂട്ടിംഗ് സംഘത്തിനെതിരെ നടപടിയെടുക്കുമെന്നും അല്ലെങ്കില്‍ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 

‘വനനശീകരണം, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി’:ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ

ചിത്രത്തിന്‍റെ ഷൂട്ടിംഗ് വന്യജീവികളുടെ വിഹാരത്തെ തടസ്സപ്പെടുത്തുന്ന രീതിയിലും വന നശീകരണത്തിലേക്കും നയിച്ചുവെന്നാണ് പ്രദേശത്തെ മുൻ ജില്ലാ പഞ്ചായത്ത് അംഗം സന്ന സ്വാമി ആരോപിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ കർഷകർ ഇപ്പോൾ തന്നെ ബുദ്ധിമുട്ടുകയാണ്. വനം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടും ഉദ്യോഗസ്ഥർ ചിത്രത്തിന്‍റെ ആളുകള്‍ക്കൊപ്പം ചേര്‍ന്ന് അലംഭാവം കാട്ടുകയാണ്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം വന നശീകരണം അടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷൂട്ടിംഗ് സ്ഥലം കര്‍ണ്ണാടക വനം വകുപ്പ് സംഘം പരിശോധിക്കും എന്നാണ് വിവരം. കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങള്‍ വനം വകുപ്പ് അന്വേഷിക്കും. 

കാന്താര 2022ൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ഋഷബ് ഷെട്ടിയുടെ കാന്താരയുടെ പ്രീക്വൽ ആണ് കാന്താര ചാപ്റ്റര്‍ 1. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബർ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ സംവിധാനവും അദ്ദേഹം തന്നെയാണ്. 
 

By admin