കൊച്ചി: എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളില്‍ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് കൂടി മോട്ടാര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു.
എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ആറു വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പെരുമ്പാവൂര്‍ മാറമ്പിള്ളി എംഇഎസ് കോളേജില്‍ ഡിസംബര്‍ 17 ന് നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ക്ക് മുകളില്‍ കയറി അഭ്യാസപ്രകടനം നടത്തിയത്. കോളേജ് കോമ്പൗണ്ടില്‍ നിന്നും പുറത്തിറങ്ങി പൊതുവഴിയിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസം നടത്തി.
നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിവാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചത്. സംഭവം നടന്ന ദിവസം തന്നെ ആറു വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മറ്റുള്ളവരെ പിന്നീട് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥികള്‍ കുറ്റം ചെയ്തതായി വ്യക്തമായ സാഹചര്യത്തിലാണ് 12 പേരുടെ ലൈസന്‍സ് കൂടി ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.
ഇതോടെ നടപടി നേരിട്ടവരുടെ എണ്ണം 18 ആയിട്ടുണ്ട്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് സസ്‌പെന്‍ഷന്‍. 3000 രൂപ മുതല്‍ 12000 രൂപ വരെ പിഴയും നടപടി കാലയളവില്‍ നിര്‍ബന്ധിത സാമൂഹ്യസേവനവും മോട്ടോര്‍ വാഹന വകുപ്പ് വിധിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടയുന്ന കാര്യത്തെ സംബന്ധിച്ചും മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് സൂചന.