ബത്തേരി തിരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്. ഈ മാസം 14ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്‍കി.
വയനാട് എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് അന്വേഷണം.
അതേസമയം, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ സുരേന്ദ്രന് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
2021 ജൂണിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍.
പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.