ധാക്ക: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ പിന്നാലെ തന്നെയും സഹോദരി ഷെയ്ഖ് രഹ്നയെയും വധിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തി മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
രഹ്നയും ഞാനും അതിജീവിച്ചു. 20-25 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ മരണത്തിന്റെ പിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജ് പങ്കിട്ട ഒരു ഓഡിയോ സന്ദേശത്തിലാണ് ഹസീനയുടെ വെളിപ്പെടുത്തല്‍
ആഗസ്റ്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ശേഷം ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
ഓഗസ്റ്റ് 21-ലെ കൊലപാതക ശ്രമത്തില്‍ നിന്നും കൊട്ടാലിപ്പാറയിലെ ബോംബാക്രമണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്. അല്ലെങ്കില്‍ എനിക്ക് അതിജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
24 പേര്‍ കൊല്ലപ്പെട്ട 2004-ലെ ധാക്ക ഗ്രനേഡ് ആക്രമണത്തെക്കുറിച്ചാണ് ഹസീന പരാമര്‍ശിച്ചത്. ആ സമയത്ത് ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവായ ഹസീനയ്ക്കും ചില പരിക്കുകള്‍ പറ്റിയിരുന്നു.