തൃശൂര്‍: ഉപഭോക്താവില്‍ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈല്‍ ഉടമയ്ക്ക് 15,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ പരിഹാര കമ്മിഷന്. തൃശൂര്‍ എം.ജി. റോഡിലെ ടെക്സൈറ്റല്‍ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴ കൂടാതെ ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
2015-ലാണ് സംഭവം. അടിവസ്ത്രം വാങ്ങിയതിനാണ് ഷോപ്പ് ഉടമ ഉപഭോക്താവില്‍ നിന്നും അധിക വില ഈടാക്കിയത്. പരാതിക്കാരി കടയില്‍ നിന്ന് 175 രൂപയ്ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ശേഷം പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന എംആര്‍പി 140 രൂപയാണെന്ന് കണ്ടു.
തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍, പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉത്പന്നവുമാണ് ഹാജരാക്കിയതെന്നായിരുന്നു കടയുടമ അറിയിച്ചത്. എന്നാല്‍, പരിശോധന നടത്തിയപ്പോള്‍ രണ്ട് സ്റ്റിക്കറുകള്‍ ഉണ്ടെന്ന് കണ്ടെത്തി.
ഇതില്‍ ഒന്നില്‍ എംആര്‍പി 175 രൂപയും മറ്റൊന്ന് 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും ചെലവായ 5000 രൂപ ഉള്‍പ്പെടെയാണ് 15000 രൂപ നഷ്ടപരിഹാരം വിധിച്ചത്.