ജാഗ്രതൈ; നിങ്ങളുടെ സ്വപ്നങ്ങളിലേക്കുപോലും നുഴഞ്ഞുകയറാനവര്‍ക്ക് സാധിക്കും..!
ഒരു ദിവസം ഏറ്റവും കുറഞ്ഞത് എത്ര പരസ്യം നിങ്ങൾ കാണുന്നുണ്ട്? ഉറങ്ങിക്കിടക്കുമ്പോൾ മാത്രമാണോ പരസ്യം കാണാത്തത്? അതെ എന്നാണ് ഉത്തരമെങ്കിൽ ആ ധാരണയും തെറ്റാണ്. കാരണം പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് നമ്മുടെ സ്വപ്നങ്ങളിലേക്ക് പോലും നുഴഞ്ഞു കയറാനുള്ള ശേഷി പരസ്യങ്ങൾക്കുണ്ട് എന്നാണ്. എന്നുവച്ചാൽ നമ്മൾ എന്തു സ്വപ്നം കാണണം എന്നുപോലും തീരുമാനിക്കാനുള്ള ശേഷി ചില പരസ്യങ്ങൾക്കുണ്ട് എന്ന് സാരം.
അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ പ്രതിദിനം ഉണർന്നിരിക്കുന്ന സമയങ്ങളിൽ ഒരാൾ 4000 പരസ്യങ്ങൾ വരെ കാണുകയോ കേൾക്കുകയോ അറിയുകയോ ഒക്കെ ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. ഈ കാണുന്ന പരസ്യങ്ങളിൽ പലതും ചെലുത്തുന്ന സ്വാധീനത്തിൽ നിന്നാണ് രാത്രിയിൽ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ പലതും ഉണ്ടാകുന്നതെന്നും പഠനങ്ങൾ പറയുന്നു.
പുതിയ പഠനത്തിൽ പറയുന്നത് അമേരിക്കൻ പൗരന്മാരിൽ 54 ശതമാനം ആളുകളും കാണുന്ന പരസ്യങ്ങളാൽ സ്വാധീനിക്കപ്പെട്ട സ്വപ്നങ്ങൾ കാണുന്നവരാണ് എന്നാണ്. ഇത്തരത്തിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പരസ്യങ്ങൾ ചില കമ്പനികൾ മനപ്പൂർവ്വം സൃഷ്ടിക്കുന്നുണ്ടെന്നും പഠന റിപ്പോർട്ട് പറയുന്നു.
പല കമ്പനികളും സ്വപ്നത്തെ സ്വാധീനിക്കുന്ന ഇത്തരം പരസ്യങ്ങൾ പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നതായി മുൻപ് അമേരിക്കൻ മാർക്കറ്റിംഗ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ദ മീഡിയ ഇമേജ് പുറത്തിറക്കിയ ഉപഭോക്തൃ സർവ്വേയിൽ പഠനവിധേയമാക്കിയത് 18 -നും 35 -നും വയസ്സിനിടയിൽ പ്രായമുള്ള അമേരിക്കക്കാരെയാണ്.
പഠനത്തിൻറെ ഭാഗമായ 54 ശതമാനം പേരും തങ്ങൾ പരസ്യങ്ങളാൽ സ്വാധീനിക്കപ്പെട്ടതായും പരസ്യം പോലുള്ള ഉള്ളടക്കം അടങ്ങിയ സ്വപ്നങ്ങൾ കണ്ടതായും സാക്ഷ്യപ്പെടുത്തി.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത്തരത്തിൽ പ്രതികരിച്ചവരിൽ 61 ശതമാനം ആളുകളും പറഞ്ഞത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി തവണ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ടതായാണ്. 38% പേർ അവ പതിവായി കാണുന്നു. കൂടാതെ 22% പേർ ആഴ്ചയിലൊരിക്കലും മുതൽ ദിവസേന വരെ ഇത്തരം സ്വപ്നങ്ങൾ കാണുന്നവരാണ്. അതേസമയം മറ്റൊരു 17% പേർ മാസത്തിലൊരിക്കലോ രണ്ടുമാസത്തിലൊരിക്കലോ ഇത്തരം സ്വപ്നങ്ങൾ കാണുന്നു.
കൂടാതെ 66% ആളുകൾ തങ്ങൾ കാണുന്ന സ്വപ്നങ്ങളെ അടിസ്ഥാനമാക്കി ഒരിക്കൽ പോലും സാധനങ്ങൾ വാങ്ങിയിട്ടില്ല എന്ന് പറയുന്നു. എന്നാൽ, ശേഷിക്കുന്ന 34% പേർ കഴിഞ്ഞ വർഷം തങ്ങളുടെ സ്വപ്നങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉൽപ്പന്നങ്ങൾ വാങ്ങുകയോ സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്തതായി സമ്മതിക്കുന്നു. കൊക്കക്കോള, ആപ്പിൾ, മാക് ഡൊണാൾഡ് പോലെയുള്ള ബ്രാൻഡുകളാണ് തങ്ങളുടെ സ്വപ്നങ്ങളിൽ കൂടുതലായും വരാറുള്ളതെന്നും ആളുകൾ പറയുന്നു.