വമ്പന്‍മാരെ പൂട്ടാനിറങ്ങി, ഒടുവില്‍ സ്വയം പിൻവാങ്ങി ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഓഹരി വിലയില്‍ മുന്നേറ്റം

ദാനി ഗ്രൂപ്പ്, നിക്കോള തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ലോകമെമ്പാടും വാര്‍ത്തകളില്‍ ഇടം നേടിയ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു. തീരുമാനം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരി വിലകളും വര്‍ധിച്ചു. കമ്പനിയുടെ സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സണ്‍ തന്നെയാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപനം നടത്തിയത്. സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനം വളരെക്കാലമായി തന്‍റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും, അത് ചില അടുത്ത ആളുകള്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട റിപ്പോര്‍ട്ട് 2023-ല്‍ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ളതായിരുന്നു.  അദാനി ഗ്രൂപ്പിനെതിരെ  ഓഹരികളില്‍ കൃത്രിമം കാണിച്ചെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍, ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില 100 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് പൂട്ടുകയാണെന്ന വാര്‍ത്ത വന്നതോടെ അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ ഇന്ന് 3 ശതമാനത്തിലേറെ ഉയര്‍ന്നു.2020-ല്‍, ഇലക്ട്രിക് ട്രക്ക് നിര്‍മ്മാതാക്കളായ നിക്കോളയ്ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കഴിവുകളെക്കുറിച്ച് നിക്കോള നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ റിപ്പോര്‍ട്ട്.

കമ്പനികളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വഞ്ചന, ദുര്‍വിനിയോഗം എന്നിവ അന്വേഷിക്കുക എന്നതായിരുന്നു 2017 ല്‍ ആരംഭിച്ച ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ  പ്രഖ്യാപിത ലക്ഷ്യം. നിരവധി കമ്പനികള്‍ക്കെതിരെ സ്ഥാപനം അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്, ഇത് ആ കമ്പനികളുടെ ഓഹരികളില്‍ ഗണ്യമായ ഇടിവിന് കാരണമായി. വന്‍കിട കമ്പനികളെ കുറിച്ച് മാസങ്ങള്‍ നീണ്ട ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ് തന്‍റെ ടീം എല്ലായ്പ്പോഴും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ആന്‍ഡേഴ്സണ്‍ അവകാശപ്പെടുന്നു.  ഷോര്‍ട്ട് സെല്ലര്‍ എന്ന നിലയില്‍, ഈ കമ്പനികളുടെ ഓഹരികളിലെ കുത്തനെയുള്ള ഇടിവില്‍ നിന്ന് ഹിന്‍ഡന്‍ബര്‍ഗ് വന്‍ ലാഭം നേടുകയും ചെയ്തു.

എന്താണ് ഷോര്‍ട്ട് സെല്ലിംഗ്

ഷോര്‍ട്ട് സെല്ലര്‍മാര്‍ സാധാരണയായി ബ്രോക്കര്‍മാരില്‍ നിന്ന് ഓഹരികള്‍ കടം വാങ്ങും. വിപണിയില്‍ ഈ ഓഹരികളുടെ വില കുറഞ്ഞാല്‍ കുറഞ്ഞ വിലക്ക് ആ ഓഹരികള്‍  വാങ്ങി കടം വീട്ടും. കടം വാങ്ങിയ ഓഹരികളുടെ വിലയും വിപണിയില്‍ നിന്ന് കുറഞ്ഞ വിലക്ക് ലഭിച്ച ഓഹരി വിലയും തമ്മിലുള്ള അന്തരമാണ് ഷോര്‍ട്ട് സെല്ലര്‍മാരുടെ ലാഭം. എന്നാല്‍ വിപണിയില്‍ ഓഹരി വില കൂടുകയാണെങ്കില്‍ ഷോര്‍ട്ട് സെല്ലര്‍മാര്‍ നഷ്ടം നേരിടേണ്ടിവരും

ഷോര്‍ട്ട് സെല്ലിംഗ് മോഡല്‍ കുഴപ്പത്തിലാണോ?
ഷോര്‍ട്ട് സെല്ലിംഗ് ബിസിനസ്സ് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടല്‍ പ്രഖ്യാപനം വന്നത്. 2023-ല്‍ പ്രശസ്ത ഷോര്‍ട്ട് സെല്ലര്‍ ജിം ചാനോസും തന്‍റെ സ്ഥാപനം അടച്ചുപൂട്ടി. ഷോര്‍ട്ട് സെല്ലിംഗുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ആന്‍ഡേഴ്സണ്‍ തന്‍റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു തുറന്ന കത്ത് നഥാന്‍ ആന്‍ഡേഴ്സണ്‍ പുറത്തിറക്കിയിട്ടുണ്ട്. ‘കുലുക്കേണ്ടിയിരുന്ന സാമ്രാജ്യങ്ങളെ ഞങ്ങള്‍ കുലുക്കി. ഈ യാത്ര വെല്ലുവിളി നിറഞ്ഞതും എന്നാല്‍ സംതൃപ്തിയും നിറഞ്ഞതായിരുന്നു. ഇപ്പോള്‍ എന്‍റെ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായി. കത്തില്‍ അദ്ദേഹം പറഞ്ഞു

By admin