വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം; മന്ത്രിയുടെ നിർദേശപ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി കുട്ടിയെ സന്ദ‍ർശിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. വി.എച്ച്. ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വൈകുന്നേരം കുഞ്ഞിനെ സന്ദര്‍ശിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് സംഘമെത്തിയത്. 

എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ബിന്ദു ജി.എസ്, പീഡിയാട്രിക് ഇന്റന്‍സ്റ്റിവിസ്റ്റ് ഡോ. ബിന്ദുഷ, സ്റ്റേറ്റ് ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. ഇവര്‍ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് തുടര്‍ചികിത്സ നിശ്ചയിച്ചു. കുഞ്ഞിന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഗർഭ കാലത്ത് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനയിൽ കുഞ്ഞിന്റെ വൈകല്യങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. 

ഗുരുതര വൈകല്യങ്ങളാണ് ഈ നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മയുടെ പരാതി നൽകിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin