തിരുവനന്തപുരം : സർക്കാരിന് നെഞ്ചിടിപ്പേറ്റി പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങുകയാണ്. പി.വി.അൻവറിന്റെ രാജിയും രാഹുൽ മാങ്കൂട്ടത്തലിന്റെയും യു.ആർ പ്രദീപിന്റെയും വരവുമാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകത. 

എന്നാൽ സർക്കാരിന് വെല്ലുവിളിയാവുന്നത് ആദ്യദിനത്തിലായിരിക്കും. ഗവർണറുടെ നയപ്രഖ്യാപനമാണ് ഏറ്റവും വലിയ വെല്ലുവിളി. പുതുവർഷത്തിലെ സഭാ സമ്മേളനം തുടങ്ങേണ്ടത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്

ഇതിനുള്ള കരട് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറും. ‍കേന്ദ്രസർക്കാരിനെതിരേ നയപ്രഖ്യാപനത്തിലെ രൂക്ഷ വിമർശനങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിക്കുമോ എന്നതിലാണ് സർക്കാരിന്റെ ആകാംക്ഷ. 
വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ സമാഹരിച്ച് അഡി. ചീഫ്സെക്രട്ടറി ഡോ. എ ജയതിലക് തയ്യാറാക്കിയ നയപ്രഖ്യാപന കരടിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ഭരണഘടനാ പ്രകാരം നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർക്കു ബാധ്യതയുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിനെതിരായ ഭാഗങ്ങൾ അതേപടി ഗവർണർ വായിക്കണമെന്നില്ല.

കേരളത്തിന് സാമ്പത്തിക സഹായം നൽകുന്നതിലും വായ്പാ പരിധി ഉയർത്താൻ അനുവദിക്കാത്തതിലും അടക്കം കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗങ്ങൾ നയപ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ 1.24 മിനിറ്റുകൊണ്ട് രണ്ട് ഖണ്ഡിക വായിച്ച് നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കിയിരുന്നു

ഇത് രാജ്യത്തുതന്നെ റിക്കോർഡായിരുന്നു. തനിക്ക് അതൃപ്തിയുള്ള ഭാഗം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നൊഴിവാക്കണമെന്ന് ഗവർണർക്ക് സർക്കാരിനോട് ആവശ്യപ്പെടാം. നയപ്രഖ്യാപനത്തിൽ ഭേദഗതി വരുത്താൻ നിർദ്ദേശിക്കാം. പക്ഷേ ഒഴിവാക്കണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. 
വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാം. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം മുഴുവനും വായിച്ചതായി കണക്കാക്കും.

അച്ചടിച്ച പ്രസംഗത്തിലുള്ള കാര്യം ഗവർണർ വായിക്കാതിരുന്നാലും അതു വായിച്ചതായി നിയമസഭാ രേഖകളിൽ രേഖപ്പെടുത്തും. എന്നിരുന്നാലും പുതുതായി കേരളത്തിലെത്തിയ ഗവർണർ കേന്ദ്രവിരുദ്ധ ഭാഗങ്ങൾ നയപ്രഖ്യാപനത്തിൽ വായിക്കാതിരുന്നാൽ അത് വ്യക്തമായ സന്ദേശമായി മാറും

പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആദ്യമായി സർക്കാറിന്‍റെ നയപ്രഖ്യാപനത്തിനായി വെള്ളിയാഴ്ച സഭയിലെത്തും. ആദ്യദിനം നയപ്രഖ്യാപനം മാത്രമാണ് കാര്യപരിപാടി. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും മറുപടിയുമാണ്. 

സംസ്ഥാന സർവകലാശാലകളുടെ ഭരണം ഗവർണർമാർ മുഖേന കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ടുള്ള യു.ജി.സി കരട് റഗുലേഷനെതിരെ സഭയിൽ പ്രമേയം അവതരിപ്പിച്ചേക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യു.ജി.സിക്കെതിരേ സഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 20 മുതൽ 22 വരെ ചോദ്യോത്തരവേളയില്ലാതെ രാവിലെ ഒമ്പതിന് ശൂന്യവേളയോടെയായിരിക്കും സഭ സമ്മേളനം ആരംഭിക്കുക.

മൂന്ന് സെഷനുകളിലായി 27 ദിവസം നിയമസഭ സമ്മേളനം ചേരുമ്പോൾ സഭാതലത്തെ ചൂടുപിടിപ്പിക്കാൻ ഒട്ടേറെ വിവാദങ്ങളുണ്ട്. പി.വി. അൻവർ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഉയർത്തിവിട്ട ആരോപണങ്ങളും പ്രത്യാഘാതങ്ങളും സഭയിൽ വീണ്ടും ഉയരും

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലും വയനാട് പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിനുണ്ടായ മികച്ച വിജയവും ചേലക്കരയിൽ മണ്ഡലം നിലനിർത്തിയ എൽ.ഡി.എഫ് പ്രകടനവും ചർച്ചയാവും. 
തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ ആരോപണങ്ങൾ നേരിട്ട എം.ആർ. അജിത് കുമാറിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനം, ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെതിരെ സർക്കാർ സ്വീകരിച്ച മൃദുസമീപനം, മുഖ്യമന്ത്രിയുടെ മകൾക്കടക്കം കൊച്ചിയിലെ സി.എം.ആർ.എൽ മാസപ്പടി നൽകിയത് എന്നിവയെല്ലാം സഭയിൽ ചർച്ചയാവും.

 വയനാട്ടിൽ ഡി.സി.സി ട്രഷററുടെയും മകന്‍റെയും ആത്മഹത്യയിലേക്ക് നയിച്ച വിവാദവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും

 23ന് സഭ സമ്മേളനത്തിന്‍റെ ആദ്യ സെഷൻ പിരിയും. പിന്നീട്, ഫെബ്രുവരി ഏഴിന് ബജറ്റ് സമ്മേളനം തുടങ്ങും.

ഏഴിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 13ന് 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. 

13ന് ഇടവേളക്ക് പിരിയുന്ന സഭ മാർച്ച് മൂന്നിന് പുനരാരംഭിക്കും. മൂന്നിന് 2024-25 വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ധനവിനിയോഗ ബിൽ അവതരിപ്പിക്കും. മാർച്ച് നാലു മുതൽ ആറു വരെ 2025 -26 വർഷത്തെ ബജറ്റിലേക്കുള്ള ധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും

മാർച്ച് ഏഴിന് സഭ ചേരില്ല. മാർച്ച് 10 മുതൽ 12 വരെയും 17 മുതൽ 20 വരെയും 24 മുതൽ 26 വരെയും ബജറ്റിലേക്കുള്ള ധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും.
മാർച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. 27ന് ധനവിനിയോഗ ബിൽ അവതരിപ്പിക്കും. 28ന് സഭ പിരിയും. പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് നിയമസഭാ സമ്മേളനത്തിൽ ഇനിയും ക്രമീകരണം വരുത്തേണ്ടിവന്നാൽ അത് കാര്യോപദേശക സമിതി തീരുമാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *