മലപ്പുറം: കൂട്ടിലങ്ങാടിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെപോയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മഞ്ചേരി വട്ടപ്പാറ തോന്നൊടുവിൽ കിഴക്കുംപറമ്പിൽ വീട്ടിൽ റാഫി (29) യാണ് പിടിയിലായത്.
അപകടം നടന്ന് മൂന്നുമാസത്തിനു ശേഷമാണ് പ്രതി പിടിയിലാവുന്നത്. ഇയാളോടിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ കൂട്ടിലങ്ങാടി സ്വദേശി സുനീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
2024 ഒക്ടോബർ 18-ന് രാത്രി 1.15-ന് കൂട്ടിലങ്ങാടി മെരുവിൻകുന്നിലാണ് അപകടമുണ്ടായത്.
കരിപ്പൂരിൽനിന്ന് വാഴക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറുമായി മുണ്ടുപറമ്പ്-പനമ്പറ്റ പാലം-പടിഞ്ഞാറ്റുംമുറി ഭാഗത്തുകൂടി അമിതവേഗതയിൽ ഓടിച്ചുവരികയായിരുന്നു റാഫിയുടെ വാഹനംസുനീർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടശേഷം കാർ നിർത്താതെ പുഴയോരം റോഡ്-കൂട്ടിലങ്ങാടി-മക്കരപ്പറമ്പ് വഴി കടന്നുകളഞ്ഞു. പിന്നീട് അപകട സ്ഥലത്തെത്തിയ നാട്ടുകാരനാണ് സുനീറിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ മലപ്പുറം പോലീസ് രജിസ്റ്റർചെയ്ത കേസിന്റെ ഭാഗമായി നിരവധി സി.സി.ടി.വി. ദൃശ്യങ്ങളും സംസ്ഥാനത്തെ വിവിധ ആർ.ടി. ഓഫീസുകളിൽ രജിസ്റ്റർചെയ്ത ആയിരത്തോളം കാറുകളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
രണ്ടുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതായതോടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതിനൽകി.
തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. സാജു. കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു.
ഈ സംഘം ഫോൺവിളി വിവരങ്ങളും സാമൂഹികമാധ്യമ അക്കൗണ്ടുകളുമടക്കം ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെയും കാറും കണ്ടെത്തിയത്.
ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. സാജു. കെ. എബ്രഹാം, എസ്.ഐ.മാരായ കെ. ജയരാജൻ, എ.കെ. സജീവ്, പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ പി. വിജയൻ, എൻ.എം. അബ്ദുല്ല ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെയും കാറും പിടികൂടിയത്.