ഞായറാഴ്ച അടക്കം ജോലി ചെയ്ത് കൊണ്ട് ആഴ്ചയില്‍ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് എല്‍ ആന്‍റ് ടി ചെയഡർമാന്‍ എസ് എൻ സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടത് ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കൊടുങ്കാറ്റ് ഉയർത്തി. ഇതിനെതിരെ ആനന്ദ മഹീന്ദ്രയടക്കമുള്ള ബിസിനസുകാര്‍ തന്നെ രംഗത്തെത്തി. സമൂഹ മാധ്യമ ഉപയോക്താക്കൾ ലാർസൻ ആൻഡ് ട്യൂബ്രോ ചെയർമാൻ എസ് എൻ സുബ്രഹ്മണ്യനെ കിട്ടിയ വഴിക്കെല്ലാം കളിയാക്കാന്‍ ഈ അവസരം ഉപയോഗിച്ചു.
ഇതിനിടെയാണ് സമൂഹ മാധ്യമമായ എക്സില്‍ റിട്ടയര്‍മെന്‍റിന് ശേഷം സ്വന്തം കാറിലേക്ക് ജീവിതം മാറ്റിയ ദമ്പതികളുടെ വീഡിയോ പങ്കുവയ്ക്കപ്പട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ലോഡ് ഇമ്മി കാന്‍റ് എന്ന എക്സ് ഹാന്‍റില്‍ നിന്നും ‘റിട്ടയർമെന്‍റിന് ശേഷമുള്ള സ്വപ്ന പദ്ധതികളുമായി എൽ ആൻഡ് ടി ചെയർമാനെയും മൂർത്തി സാറിനെയും ഒറ്റയ്ക്ക് കൈവിടുകയാണ് വിരമിച്ച ദമ്പതികൾ. അവര്‍ വിവാഹജീവിതം വീണ്ടും മഹത്തരമാക്കുകയാണ്’ എന്ന് കുറിച്ചു.
A cute retired couple is single-handedly letting down the L&T Chairman and Murthy saar with their dreamy post-retirement plans.
Make marriages great again. pic.twitter.com/8R84Fgu4ir— Lord Immy Kant (Eastern Exile) (@KantInEast) January 13, 2025
വീഡിയോയില്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം ദക്ഷിണേന്ത്യയിലുടനീളം കാറില്‍ യാത്ര ചെയ്യാൻ തീരുമാനിച്ച ദമ്പതികളെ കാണാം. യാത്രയ്ക്കിടെയില്‍ ഇരുവരുടെയും ഉറക്കവും പാചകവും എല്ലാം കാറില്‍ തന്നെ. ഒരു പാര്‍ക്കില്‍ വച്ച് ഭക്ഷണം തയ്യാറാക്കി കഴിക്കുന്ന ഇരുവരുടെയും ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കാറില്‍ തന്നെ ഘടിപ്പിച്ച ഗ്യാസ് സ്റ്റൌ ഉപയോഗിച്ചായിരുന്നു പാചകവും മറ്റും. ഈ ദമ്പതികളുടെ ജീവിത ശൈലി എല്‍ ആന്‍റ് ടി ചെയഡർമാന്‍ എസ് എൻ സുബ്രഹ്മണ്യൻ ഉദ്ദേശിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇവര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
യുവാക്കൾ ആഴ്ചയിൽ കുറഞ്ഞത് 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായൺ മൂർത്തിയുടെ നിർദ്ദേശവും നേരത്തെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് എല്‍ ആന്‍റ് ടി ചെയർമാന്‍ എസ് എൻ സുബ്രഹ്മണ്യൻ, യുവാക്കൾ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇരുവരുടെയും നിർദ്ദേശങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടിയില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്. പിന്നാലെ നിരവധി മീമുകളും ഇതുമായി ബന്ധപ്പട്ട് പുറത്തിറങ്ങിയിരുന്നു.