കൊച്ചി: താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിന്‍വാങ്ങുന്നതായി നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.
”ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു.
ഇത് ജീവിതം ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു. ട്രഷറര്‍ സ്ഥാനത്തിനിരിക്കെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി നല്‍കിയത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ ഞാന്‍ തല്‍സ്ഥാനത്ത് തുടരും. പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു..” – ഉണ്ണി മുകുന്ദന്‍ കുറിച്ചു.