ഇന്ത്യന്‍ ആര്‍മി കൈ മെയ് മറന്ന് കൂടെ നിന്നു; സിയാച്ചിന്‍ മലനിരകളില്‍ 5ജി സജ്ജമാക്കി ജിയോ

ലഡാക്ക്: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല എന്ന വിശേഷണമുള്ള സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ സഹായത്തോടെ 4ജി, 5ജി നെറ്റ്‌വര്‍ക്ക് സജ്ജമാക്കി സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ. സിയാച്ചിന്‍ മലനിരകളില്‍ 4ജി, 5ജി സേവനം ലഭ്യമാക്കുന്ന ആദ്യ ടെലികോം കമ്പനിയാണ് ജിയോ. 

സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തില്‍ കാറക്കോറം മലനിരകളിലാണ് റിലയന്‍സ് ജിയോ 4ജി, 5ജി കണക്റ്റിവിറ്റി ഒരുക്കിയിരിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന സിയാച്ചിനില്‍ ഇന്ത്യന്‍ ആര്‍മിയുടെ സഹായത്തോടെയാണ് ജിയോ ഈ സൗകര്യം സജ്ജമാക്കിയത്. തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയാണ് സിയാച്ചിനില്‍ ജിയോ വിന്യസിച്ചത് എന്ന പ്രത്യേകതയുണ്ട്. ഇന്ത്യന്‍ ആര്‍മിയുമായി സഹകരിച്ച് പരിശീലന സെഷനുകളും സമഗ്രമായ ടെസ്റ്റിംഗും ഏകോപനവും പൂര്‍ത്തിയാക്കിയാണ് 4ജി, 5ജി നെറ്റ്‌വര്‍ക്ക് സിയാച്ചിനില്‍ സജ്ജമാക്കിയത് എന്ന് റിലയന്‍സ് ജിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റോഡ് മാര്‍ഗം എത്തിക്കുക പ്രായോഗികമല്ലാത്തതിനാല്‍ എയര്‍ലിഫ്റ്റിംഗ് വഴിയാണ് നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഇവിടെയെത്തിച്ചത്. അതിനാല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഏറെ അധ്വാനം ഇന്ത്യന്‍ ആര്‍മിക്കും ജിയോയ്ക്കും വേണ്ടിവന്നു. 

ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയില്‍ സൈനികരുടെ കമ്മ്യൂണിക്കേഷന്‍ മാര്‍ഗം മെച്ചപ്പെടുത്തുന്നതിന് പുറമെ പ്രതിരോധ രംഗത്ത് സാങ്കേതിക മുന്നേറ്റത്തിന്‍റെ പ്രധാന്യം അടിവരയിടുന്നതുമാണ് സിയാച്ചിനില്‍ ജിയോയും ഇന്ത്യന്‍ ആര്‍മിയും ചേര്‍ന്ന് സ്ഥാപിച്ച 4ജി, 5ജി കണക്റ്റിവിറ്റി. ലഡാക്ക് റീജിയനിലെ ഉള്‍പ്രദേശങ്ങളില്‍ നെറ്റ്‌വര്‍ക്ക് എത്തിക്കാനുള്ള ജിയോയുടെ ഊര്‍ജിത ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നീക്കം. ഏറെ പ്രതികൂലമായ കാലവസ്ഥയും ഭൂപ്രകൃതിയുമുള്ള സിയാച്ചിനില്‍ 5ജി എത്തിച്ചത് ഇന്ത്യന്‍ ടെലികോം രംഗത്തെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹിമാനിയാണ് സിയാച്ചിന്‍. 

Read more: പരസ്യങ്ങളില്ല, രണ്ട് വര്‍ഷം യൂട്യൂബ് പ്രീമിയം സൗജന്യമായി ആസ്വദിക്കാം; പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin