ഈ നിമിഷം ഞാനെങ്ങനെ മറക്കും; ആദ്യം അമ്പരപ്പ്, പിന്നെ പുഞ്ചിരി, യുവതിക്ക് വിമാനത്തിൽ ഭാവിവരന്റെ സർപ്രൈസ്!

സർപ്രൈസുകൾ ഇഷ്ടപ്പെടാത്ത മനുഷ്യർ വളരെ കുറവായിരിക്കും. അത് നമുക്ക് ഏറെ പ്രിയപ്പെട്ട മനുഷ്യരിൽ നിന്നും കിട്ടുന്ന സർപ്രൈസുകളാണെങ്കിലോ? ജീവിതത്തിലൊരിക്കലും മറക്കാത്ത അപൂർവ നിമിഷങ്ങളായി അത് നമ്മുടെ ഉള്ളിൽ എന്നുമുണ്ടാകും. അതുപോലെ ഒരു സർപ്രൈസാണ് അവന്തിക എന്ന യുവതിക്കും കിട്ടിയത്. 

അവന്തികയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻഡി​ഗോ വിമാനത്തിൽ വച്ചാണ് അവൾക്ക് ആ സർപ്രൈസ് കിട്ടിയത്. അവളുടെ ഭാവി വരനിൽ നിന്നും അനൗൺസ്മെന്റിന്റെ രൂപത്തിലാണ് അതെത്തിയത്. അവളുടെ ഭാവിവരനായ ദിവ്യാം ആ വിമാനത്തിലുണ്ടായിരുന്നില്ല. എന്നാൽ, ഫ്ലൈറ്റിലെ ജീവനക്കാർ ആ സന്ദേശം അവൾക്ക് വേണ്ടി വായിക്കുകയായിരുന്നു. 

സന്ദേശത്തിൽ പറയുന്നത്, മിസ്സിസ് ബത്ര ആകാനായിപ്പോകുന്ന നിങ്ങൾക്ക് ഭർത്താവ് ദിവ്യാമിൽ നിന്നുള്ള പ്രത്യേക സന്ദേശം എന്നാണ്. ‘അവന്തിക, നാം ഒരുമിച്ച് തുടങ്ങാൻ പോകുന്ന ജീവിതത്തെക്കുറിച്ചോർത്ത് ഞാൻ വളരെ ആവേശത്തിലാണ്, നിന്നെ എൻ്റെ ഭാര്യ എന്ന് വിളിക്കാനായി എനിക്ക് ഇനിയും കാത്തിരിക്കാനാവുന്നില്ല’ എന്നാണ് ദിവ്യാമിന്റെ സന്ദേശത്തിൽ പറയുന്നത്. വരാനിരിക്കുന്ന ജീവിതത്തിന് ഇൻ‌ഡി​ഗോയുടെ സ്നേഹവും ആശംസകളും അറിയിക്കുന്നു എന്നും അനൗൺസ്മെന്റിൽ പറയുന്നു. 

അവന്തിക പറയുന്നത് താൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് ദിവസം മുമ്പ് തനിക്ക് വയ്യാതെയായി. അതിനാൽ താൻ ആന്റിബയോട്ടിക്ക് കഴിച്ചതിന്റെ ക്ഷീണത്തിലായിരുന്നു. എന്നാൽ, സന്ദേശം കിട്ടിയപ്പോൾ താൻ വളരെ സർപ്രൈസ്ഡായിപ്പോയി എന്നും സഹോദരിയാണ് ഇതിന്റെ വീഡിയോ പകർത്തിയത് എന്നുമാണ്. 

വീഡിയോയിൽ ആകെ അമ്പരന്നിരിക്കുന്ന അവന്തികയേ ആണ് കാണാൻ സാധിക്കുന്നത്. ഒപ്പം, അവളുടെ മുഖത്തെ സന്തോഷവും കാണാം. ഈ സർപ്രൈസ് താനൊരിക്കലും മറക്കില്ല എന്നും അവൾ പറയുന്നുണ്ട്. വീഡിയോ വളരെ വേ​ഗത്തിലാണ് വൈറലായി മാറിയത്. നിരവധിപ്പേർ അവന്തികയ്ക്ക് ആശംസകൾ നേർന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin