ഭോപ്പാല്‍: നാല് കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്‌മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്. ഇന്‍ഡോറില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ പരശുറാം കല്യാണ്‍ ബോര്‍ഡ് പ്രസിഡന്റ് പണ്ഡിറ്റ് വിഷ്ണു രജോറിയ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള വ്യക്തിയാണ് വിഷ്ണു രജോറിയ. മൂഹത്തില്‍ മതനിന്ദ നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആളുകള്‍ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം കുടുംബങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലരും നിര്‍ത്തിയെന്നും പരമ്പരാഗത മൂല്യങ്ങള്‍ പാലിക്കാത്തവരുടെ ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
അനേകം യുവ ദമ്പതിമാര്‍ ഒരു കുട്ടിയുമായി സ്ഥിരതാമസമാക്കുന്നു. അത് സമൂഹത്തിന്റെ ഭാവിക്ക് പ്രശ്നകരമാണെന്ന് താന്‍ വിശ്വസിക്കുന്നതായി രജോറിയ പറഞ്ഞു. ”എനിക്ക് യുവാക്കളില്‍ നിന്ന് വലിയ പ്രതീക്ഷയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. ശ്രദ്ധയോടെ കേള്‍ക്കുക, ഭാവി തലമുറയുടെ സംരക്ഷണം നിങ്ങള്‍ക്കാണ്,’ രജോറിയ കൂട്ടിച്ചേര്‍ത്തു.
ചെറുപ്പക്കാരായ സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് ഒരു കുട്ടിക്ക് ശേഷം പ്രസവം നിര്‍ത്തുകയാണ് എന്നും ഇത് വളരെ പ്രശ്‌നകരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികള്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടായിരിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ ബോര്‍ഡ് പ്രസിഡന്റായാലും ഇല്ലെങ്കിലും നേരത്തെ പ്രഖ്യാപിച്ച പാരിതോഷികം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.