ആലപ്പുഴ: ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ സംസ്ഥാന നേതൃത്വവുമായുള്ള അതൃപ്തി വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ.
ഓൺലൈനായടക്കം വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നിട്ടും മുതിർന്ന നേതാവ് വിട്ടു നിന്നത് വരും ദിവസങ്ങളിൽ ബിജെപിയിൽ ചർച്ചയാകും.
ശോഭ സുരേന്ദ്രന്റെ നിലപാട് ബിജെപിയിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. സംസ്ഥാന അധ്യക്ഷ പദവിയിൽ നോട്ടമുള്ള ശോഭ ആഴ്ചകൾക്ക് മുമ്പ് ദേശീയ നേതാക്കളെയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത അതൃപ്തിയും പരസ്യമാക്കിയിരിക്കുന്നത്.
ആലപ്പുഴ നോർത്തിലാണ് ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്യേണ്ടിയിരുന്നത്. ഇന്ന് വൈകുന്നേരം മൂന്നു മുതൽ അഞ്ച് വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം. ആലപ്പുഴ നോർത്ത് ജില്ലയിൽ എട്ട് സ്ഥാനാർഥികളാണ് മത്സരിച്ചത്.
ആലപ്പുഴ സൗത്തിൽ മൂന്ന് സ്ഥാനാർഥികളും മത്സരിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ഭിന്നിച്ചു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്യാത്തത് പാർട്ടിക്കുള്ളിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചയാകുമെന്നത് ഉറപ്പാണ്.