ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഗുരുതര ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാഗേല്‍ യുഎഇ ആസ്ഥാനമായുള്ള മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് 508 കോടി രൂപ കൈപ്പറ്റിയതായാണ് ഇഡി ആരോപിക്കുന്നത്. നവംബര്‍ 7, 17 തീയതികളില്‍ ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇഡിയുടെ രംഗപ്രവേശം.
ഛത്തീസ്ഗഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വലിയ തുകകള്‍ എത്തിക്കുന്നതിനായി യുഎഇയില്‍ നിന്ന് അയച്ച ‘ക്യാഷ് കൊറിയര്‍’ അസിം ദാസ് എന്ന ആളെ അറസ്റ്റ് ചെയ്തതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. അസിമിന്റെ കാറില്‍ നിന്നും വസതിയില്‍ നിന്നുമായി 5.39 കോടി രൂപ കണ്ടെടുത്തതായി ഇഡി അറിയിച്ചു.
‘അസിം ദാസിനെ ചോദ്യം ചെയ്തതില്‍ നിന്നും, ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണിന്റെ ഫോറന്‍സിക് പരിശോധനയില്‍ നിന്നും, ശുഭം സോണി (മഹാദേവ് നെറ്റ്വര്ക്കിലെ ഉന്നതരില്‍ ഒരാള്‍) അയച്ച ഇ-മെയില്‍ പരിശോധിച്ചതില്‍ നിന്നും, ഞെട്ടിക്കുന്ന നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മുമ്പും പതിവ് പേയ്മെന്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതുവരെ 508 കോടി രൂപ മഹാദേവ് ആപ്പ് പ്രൊമോട്ടര്‍മാര്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ട്’ ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ഈ ആരോപണങ്ങള്‍ അന്വേഷണത്തിന് വിധേയമാണെന്നും ഇഡി ചൂണ്ടിക്കാട്ടി. ത്തീസ്ഗഡില്‍ നിന്നുള്ളവരും കുറ്റകൃത്യങ്ങളില്‍ നിന്ന് വന്‍ വരുമാനം സമ്പാദിച്ചവരുമായ സുഹൃത്തുക്കളുടെയും കൂട്ടാളികളുടെയും സഹായത്തോടെ വിദേശത്തിരുന്ന് ആയിരക്കണക്കിന് പാനലുകള്‍ ഇന്ത്യയിലുടനീളം വിദൂരമായി പ്രവര്‍ത്തിപ്പിക്കുന്ന മഹാദേവ് വാതുവെപ്പ് ആപ്പ് സിന്‍ഡിക്കേറ്റിനെക്കുറിച്ച് ഇഡി അന്വേഷിച്ചു വരികയാണ്.
അന്വേഷണ ഏജന്‍സി ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്യുകയും, 450 കോടിയിലധികം രൂപയുടെ കുറ്റകൃത്യ വരുമാനം പിടിച്ചെടുക്കുകയും 14 പേര്‍ക്കെതിരെ പ്രോസിക്യൂഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹാദേവ് ആപ്പ് വാതുവെപ്പ് കേസില്‍ ആപ്പിന്റെ പ്രൊമോട്ടര്‍മാരായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവരുള്‍പ്പെടെ 14 പേരെ പ്രതികളാക്കി ഇഡി അടുത്തിടെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.