ലോസ് ആഞ്ചലസ് കൗണ്ടിയിൽ ഇനിയും നിയന്ത്രണത്തിലാവാത്ത കാട്ടുതീയിൽ 37,000 ഏക്കറിലധികം കത്തിനശിച്ചെന്നു കണക്ക്. 16 പേർ മരിച്ചെന്നും സ്ഥിരീകരണമുണ്ട്.
10 മില്യൺ ആളുകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. തീരപ്രദേശത്തു 21,596 ഏക്കറിൽ കത്തുന്ന പാലിസെഡ്‌സ് ഫയർ 11% മാത്രമേ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുളളൂ. ഈറ്റൺ ഫയർ 14,117 ഏക്കറിലാണ് കത്തുന്നത്. 15% മാത്രമേ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുള്ളു. പാലിസെഡ്‌സ് ഫയർ എങ്ങിനെ ആരംഭിച്ചുവെന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു.നഗര ഭരണം അടിയന്തര ഘട്ടത്തിൽ എത്തിക്കേണ്ട സഹായം എത്തിച്ചില്ലെന്നു ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്മെന്റ് മേധാവി ക്രിസ്റ്റിൻ ക്രോവ്ലി വെള്ളിയാഴ്ച്ച ഫോക്‌സ് 11ൽ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അവർ അത് സമ്മതിച്ചത്.
കാട്ടുതീ പടരുമ്പോൾ വെള്ളം എടുക്കേണ്ട സാന്താ നെസ് ജലസംഭരണി അടച്ചിട്ടിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. അതേപ്പറ്റി അന്വേഷിക്കാൻ ഗവർണർ ഗവിൻ ന്യൂസം ഉത്തരവിട്ടിട്ടുമുണ്ട്. പാസിഫിക് പാലിസെഡ്‌സിലെ ജലസംഭരണിയിൽ സാധാരണഗതിയിൽ 117 മില്യൺ ഗ്യാലൻ വെള്ളം ഉണ്ടാവും.ജലസംഭരണിയിൽ തുള്ളി വെള്ളം ഉണ്ടായിരുന്നില്ല എന്നു ക്രോവ്ലി പറഞ്ഞു. ഇത് ഒരിക്കലൂം സംഭവിക്കാൻ പാടില്ലാത്തതാണ്. “വെള്ളത്തിന്റെ നിയന്ത്രണം ഞങ്ങൾക്കല്ല. ഞങ്ങളുടെ സേന ജീവനും സ്വത്തും സംരക്ഷിക്കുന്ന ചുമതലയാണ് വഹിക്കുന്നത്.” തീ ആരംഭിച്ചപ്പോൾ മേയർ കാരൻ ബാസ് ആഫ്രിക്കയിൽ ആയിരുന്നു. അവർ വെള്ളിയാഴ്ച്ച ക്രോവ്ലിയെ പിരിച്ചുവിട്ടെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ അത് നിഷേധിച്ചു.