നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ രണ്ടു സുപ്രധാന അന്വേഷണങ്ങൾ നയിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ നിന്നു രാജിവച്ചു. അന്വേഷണ റിപ്പോർട്ടുകൾ പുറത്തിറക്കുന്നതു തടയാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളോടു പ്രതികരിച്ചു ഡിപ്പാർട്മെന്റ് ഫയൽ ചെയ്ത കോടതി രേഖകളിലാണ് ഇക്കാര്യം പറയുന്നത്. തന്റെ ദൗത്യം പൂർത്തിയാക്കിയ ജാക്ക് സ്മിത്ത് 2025 ജനുവരി 7നു രാജി സമർപ്പിച്ചെന്നു രേഖകളിൽ പറയുന്നു.
ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിൽ നിന്നു രഹസ്യ രേഖകൾ കണ്ടെടുത്തത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വരുന്നത് തടയാൻ അദ്ദേഹത്തോടൊപ്പം രണ്ടു ജോലിക്കാരും കോടതിയിൽ പോയിരുന്നു. ആ ഭാഗങ്ങൾ ഒഴികെ ജനുവരി 6 കലാപ റിപ്പോർട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങൾ റിലീസ് ചെയ്യാനാണ് അറ്റോണി ജനറൽ മെറിക് ഗാർലൻഡ് തീരുമാനിച്ചിട്ടുള്ളത്.
2022ൽ ട്രംപിന് എതിരായ കേസുകൾ ആരംഭിച്ചപ്പോഴാണ് സ്മിത്തിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. വഴിവിട്ട നിയമനമെന്നു ട്രംപ് പക്ഷം ആരോപിച്ചെങ്കിലും സ്മിത്ത് അവ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.