കനേഡിയൻ ഭരണ ലിബറൽ പാർട്ടി നേതൃത്വ മത്സരത്തിൽ നിന്നു ഇന്ത്യൻ വംശജയായ ഗതാഗത മന്ത്രി അനിത ആനന്ദ് പിന്മാറി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ ശേഷിക്കുന്നുണ്ട്.
പാര്‍ലമെന്റിലേക്കും ഇനി മത്സരിക്കില്ലെന്ന് ആനന്ദ് വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്തേക്കു തിരിച്ചു പോകാനാണ് ഇഷ്ടപ്പെടുന്നത്. അധ്യാപികയും ഗവേഷകയുമാണ് ആനന്ദ്. യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയിൽ പ്രഫസർ ആയിരുന്നു. ബിസിനസ്, ഫിനാൻസ് ലോയിൽ വിദഗ്ദയാണ്. ഇന്ത്യൻ വംശജയ്ക്കു ഒന്റേരിയോ ഓക്വില്ലിൽ ജയിക്കാൻ കഴിയില്ലെന്നു കരുതപ്പെട്ടിരുന്ന സമയത്തു രണ്ട് പ്രാവശ്യം അവിടത്തെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതിൽ അഗാധമായ നന്ദിയുണ്ടെന്ന് ആനന്ദ് പറഞ്ഞു.തമിഴ് നാട്ടിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വി എ സുന്ദരത്തിന്റെ പുത്രൻ എസ് വി ആനന്ദിന്റെയും പഞ്ചാബിയായ സരോജ് റാമിന്റെയും പുത്രിയാണ് അനിത ആനന്ദ്. മാതാപിതാക്കൾ ഇരുവരും ഡോക്ടർമാരാണ്.അടുത്ത തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി നിലം പറ്റുമെന്ന വിലയിരുത്തൽ ശക്തിപ്പെട്ടിരിക്കെ വിദേശകാര്യ മന്ത്രി മെലാനി ജോളി, ട്രൂഡോയുടെ വിശ്വസ്തനായ ഡൊമിനിക് ലെബ്ളാങ്ക് എന്നിവരും മത്സരത്തിൽ നിന്നു പിന്മാറിയിട്ടുണ്ട്.ഏറ്റവും ഒടുവിൽ പുറത്തുവന്ന സർവേകളിൽ പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടിക്ക് ലിബറൽ പാർട്ടിയുടെ മേൽ 47-20 ലീഡുണ്ട്.