തലസ്ഥാന നഗരിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കേരളീയം പരിപാടിക്ക് പ്രൗഢ ഗംഭീരമായ തുടക്കം. കമലഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ശോഭന എന്നിങ്ങനെ ചലച്ചിത്ര താരങ്ങളുടെയും പൗര പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസിനു മുമ്പാകെ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു.
ഏഴു വര്‍ഷമായി തുടരുന്ന ഇടതുപക്ഷ മുന്നണി ഭരണത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം എന്നത് ഈ പരിപാടിയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷം മേള ബഹിഷ്കരിച്ചതും. പക്ഷെ കേവലമായ രാഷ്ട്രീയത്തിനപ്പുറം കേരളീയം എന്ന കലാ – സാംസ്കാരിക മേള കേരളം എന്തെന്നു ലോകത്തെ കാട്ടിക്കൊടുക്കുന്ന ഒരു സംഭവം കൂടിയാവുകയാണ്.
ലോകത്തിനു മുന്നില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന ഒരു ഭൂപ്രദേശം തന്നെയാണു കേരളം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയും പിന്നീട് റിപ്പബ്ലിക് ആവുകയും വെവ്വേറെ കിടന്നിരുന്ന ഭൂപ്രദേശങ്ങളെ ഒരുമിച്ചാക്കി ഐക്യ കേരളം രൂപപ്പെടുകയും ചെയ്തകാലത്ത് തീരെ ദരിദ്രമായ ഒരു സംസ്ഥാനമായിരുന്നു കേരളം. 1957 -ല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തോടെ കേരള സംസ്ഥാനത്ത് ജനാധിപത്യ ഭരണം തുടങ്ങി. ആദ്യത്തെ ഇഎംഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ നിയമവും കേരളീയരുടെ ജീവിതക്രമത്തില്‍ തുടങ്ങിവെച്ച മാറ്റങ്ങളേറെ.
പിന്നീട് 1960 -ല്‍ പിഎസ്‌പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍. 1967 -ല്‍ വീണ്ടും ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ഐക്യമുന്നണി മന്ത്രിസഭ. കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതൃത്വത്തിലുള്ള മുന്നണികള്‍ കൃത്യമായ ഇടവേളകളില്‍ മാറി മാറി ഭരിച്ചു. ഏറ്റവുമൊടുവില്‍ 2021 -ല്‍ മാത്രം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച.
ഇന്നു കേരളത്തില്‍ കാണുന്ന സമൃദ്ധിക്കും വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയ്ക്കും എങ്ങും കാണുന്ന സമുദായ മൈത്രിക്കും വര്‍ഗീയ വിരുദ്ധ നിലപാടിനുമൊക്കെ കാരണം ജനങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം തന്നെയാണ്. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും വര്‍ഗീയ, വിഭാഗീയ ചിന്തകള്‍ക്കുമെതിരായി ഒറ്റക്കെട്ടായി നില്‍ക്കാന്‍ മലയാളികള്‍ക്കു കഴിയുന്നു. അതുതന്നെയാണ് കേരളത്തെ ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.
പല മേഖലകളിലും മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി മാറാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ച പ്രമുഖ ചലച്ചിത്ര താരം കമലഹാസന്‍ പറഞ്ഞു. സാമൂഹ്യ വികസന സൂചികകളിലും ഭരണ നിര്‍വഹണത്തിലും കേരളം മുന്നിട്ടു നില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പ്രവര്‍ത്തനങ്ങളിലും വികേന്ദ്രീകൃതാസൂത്രണത്തിലും കേരളം മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഇംഗ്ലീഷിലാണു പ്രസംഗിക്കുന്നതെന്നു പറഞ്ഞാണ് കമലഹാസന്‍ പ്രസംഗം തുടങ്ങിയത്.
വികസന സൂചികകളുടെ കാര്യത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന സംസ്ഥാനം തന്നെയാണു കേരളം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയില്‍ ചൈനയുമായി താരതമ്യം ചെയ്യാനും ഒരുപക്ഷെ ചൈനയെ തോല്‍പ്പിക്കാനും കഴിയുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമാണു കേരളമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും നോബല്‍ ജേതാവുമായ അമര്‍ത്യസെന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. കേരളീയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ കാണിച്ച വീഡിയോ സന്ദേശത്തിലാണ് അമര്‍ത്യസെന്‍ ഈ അഭിപ്രായം പറഞ്ഞത്.
അതെ. പല മേഖലകളിലും കേരളം മുമ്പിലാണ്. നിപ്പ എന്ന ഭീകര വൈറസിന്‍റെ ആക്രമണം ആദ്യം തന്നെ കണ്ടുപിടിക്കാനും പെട്ടെന്നു ഫലപ്രദമായി നിയന്ത്രിക്കാനും കഴിഞ്ഞത് കേരളത്തിന്‍റെ വലിയ നേട്ടമാണ്. പിന്നീടു വ്യാപിച്ച മഹാമാരിയായ കോവിഡിനെയും കേരളം നിയന്ത്രിച്ചു. അടുത്തകാലത്ത് കോഴിക്കോട്ട് വീണ്ടും നിപ്പ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അമേരിക്ക പോലെ പല വികസിത രാജ്യങ്ങളും കോവിഡിനു മുമ്പില്‍ പകച്ചു നിന്നപ്പോള്‍ കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്കു നിയന്ത്രിച്ചു നിര്‍ത്താന്‍ കേരളത്തിനായി.
ഇതൊക്കെയും ലോകശ്രദ്ധ നേടിയതുമാണ്. ഇതെല്ലാം ലോകത്തെ അറിയിക്കുക എന്നതു തന്നെയാണു കേരളീയത്തിന്‍റെ ലക്ഷ്യം. കലാപരിപാടികളിലൂടെയും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളിലൂടെയും കേരളത്തെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതു തന്നെയാണ് ആ ലക്ഷ്യത്തിന്‍റെ കേന്ദ്ര ബിന്ദു.
ജനാധിപത്യക്രമത്തില്‍ ഒരു സര്‍ക്കാര്‍ ചെയ്യുന്നതിലും പറയുന്നതിലുമൊക്കെ ആ സര്‍ക്കാരിന്‍റെ രാഷ്ട്രീയമുണ്ടാവുക സ്വാഭാവികമാണ്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് കിറ്റ് കൊടുത്തതില്‍ രാഷ്ട്രീയമാണ്. പ്രളയകാലത്ത് ദുരിതമനുഭവിച്ച ജനങ്ങളെ സഹായിച്ചതിലും രാഷ്ട്രീയമുണ്ട്.
കേരളീയത്തിനും അതിന്‍റേതായ രാഷ്ട്രീയമുണ്ടെന്നതു ശരിതന്നെ. അതുതന്നെയാണു കേരളീയത്തെ പ്രതിപക്ഷം എതിര്‍ക്കാന്‍ കാരണം. എങ്കിലും ഈ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യാനാവില്ല.