നവംബർ 12 നാണ് ഈ വർഷത്തെ ദീപാവലി. ദീപാവലി വലിയ ആർഭാടത്തോടെ ആഘോഷിക്കുന്നത് ഉത്തരേന്ത്യക്കാരാണ്. പുതുവസ്ത്രങ്ങൾ, പലതരത്തിലുള്ള മധുരപലഹാരങ്ങൾ, പടക്കങ്ങൾ, വർണ്ണക്കാഴ്ചകൾ, ദീപാലങ്കാരം ഒക്കെയായി വളരെ കളർ ഫുളായാണ് അവർ ദീപാവലി ആഘോഷിക്കുന്നത്.
ഇഷ്ടജനങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്തിയ ഇനം മധുരപലഹാരങ്ങളും പ്രത്യേകതരം പടക്കങ്ങളും സമ്മാനമായും നൽകാറുണ്ട്. ദീപാവലിക്കാണ് കേന്ദ്രസർക്കാരും ഉത്തരേന്ത്യൻ സംസ്ഥാന സർക്കാരുകളും സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്കും തൊഴിലാളികൾക്കും ബോണസ് നൽകുന്നത്.
വീടുകളും വ്യാപാരസ്ഥാപനങ്ങളും നഗരവീഥികളുമെല്ലാം ദീപാലങ്കാരപ്രഭയിൽ മുഖരിതമാകുക കുറഞ്ഞത് ഒരാഴ്ചക്കാലത്തേക്കായിരിക്കും. സന്ധ്യാനേരം മുതൽ ആകാശം ദീപക്കാഴ്ചകളാൽ നിറയുകയായി.
ലങ്കാവിജയത്തിനുശേഷം പുഷ്പകവിമാനത്തിൽ അയോദ്ധ്യയിലെ ത്തിയ രാമലക്ഷ്മണന്മാർക്കും സീതാ ദേവിയ്ക്കും വരവേൽപ്പൊരുക്കിയ ആഘോഷമമെന്നാണ് ദീപാവലിയുമായി ബന്ധപ്പെട്ട ഐതീഹ്യം. ദീപാവലിക്കായുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ ആരംഭിച്ചു കഴിഞ്ഞു.