കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന്‍റെ മിഷന്‍ 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1000 എംഎസ് എംഇ സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുണ്ടാക്കുന്നതിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണ് മിഷന്‍ 1000.

സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളില്‍ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഐടി സേവനമേഖലയ്ക്കപ്പുറം മറ്റ് സാങ്കേതിക കമ്പനികള്‍ കൂടി കേരളത്തിലേക്ക് വരാന്‍ താത്പര്യം കാണിക്കുകയാണ്. വലിയ വ്യവസായങ്ങള്‍ക്ക് ഇനി കേരളത്തില്‍ പ്രസക്തിയില്ലെങ്കിലും വലിയ വ്യവസായങ്ങള്‍ക്കുള്ള സാങ്കേതിക സേവനം നല്‍കുന്ന കമ്പനികള്‍ക്ക് കേരളം ഇഷ്ട സ്ഥലമായി മാറിയിരിക്കുകയാണ്.
 ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ, ജെനറേറ്റീവ് എഐ, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യയുടെ ഹബ്ബായി കേരളം മാറുകയാണ്. ഹെല്‍ത്ത് കെയര്‍ സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ തന്നെ പ്രധാന ഉത്പാദകര്‍ കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷന്‍ 1000 സംസ്ഥാന സര്‍ക്കാരിന് എംഎസ്എംഇ സംരംഭകരിലെ വിശ്വാസമാണ് കാണിക്കുന്നത്. ആദ്യ ഘട്ടമായി 260 സംരംഭകരെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ വിധ സഹായങ്ങളും വ്യവസായവകുപ്പ് വാഗ്ദാനം ചെയ്യുന്നു. ആദ്യം 100 കോടി വരുമാനം നേടുന്ന സംരംഭത്തിന് പുരസ്ക്കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി. 
അഡി. ഡയറക്ടര്‍മാരായ രാജീവ് ജി, ഡോ. കെ എസ് കൃപകുമാര്‍, എസ്എല്‍ബിസി കണ്‍വീനര്‍ പ്രദീപ് കെ എസ്, കെ-ഡിസ്ക് എക്സി. ഡയറക്ടര്‍ പി എം റിയാസ്, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്‍റ് പി ജെ ജോസ്, ഫിക്കി കേരള ഹെല്‍ത്ത് കമ്മിറ്റി ചെയര്‍ ബിബു പുന്നാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *