ഒരു പണി വരുന്നുണ്ടവറാച്ചാ..; അഭിപ്രായം എഴുതുമ്പോൾ ചിന്തിക്കുക: മുന്നറിയിപ്പുമായി ഗോപി സുന്ദർ !
നടി ഹണി റോസിന്റെ പരാതിയും തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതും വലിയ ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കിട്ട് പോസ്റ്റ് ശ്രദ്ധനേടുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദർ പറയുന്നു. ഓഫ്‌ലൈനിലും ഓൺലൈനിലും അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഗോപി പറഞ്ഞു.
“സോഷ്യൽ മീഡിയകൾ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. ഓഫ്‌ലൈനിലും ഓൺലൈനിലും നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. മറ്റുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും പെരുമാറണം. അങ്ങനെ ചെയ്യേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. സുരക്ഷിതരായിരിക്കുക, പോസിറ്റീവായ ഡിജിറ്റൽ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക. ഒരു പണി വരുന്നുണ്ടവറാച്ചാ..”, എന്നായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ.