കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് ഏതു വണ്ടിയും ഉപയോഗിക്കാമോ?. യാത്രക്കാരുടെ സുരക്ഷയില്‍ കെ.എസ്.ആര്‍.ടി.സിക്കു താല്‍പ്പര്യമില്ല. കട്ടപ്പുറത്തു കിടന്ന ബസുകള്‍ മോടി പിടിപ്പിച്ചുകൊണ്ടാണു കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം ആരംഭിക്കുന്നത്.

ചുരുങ്ങിയ ചിലവ്, ഒറ്റ ദിവസം കൊണ്ടു പോയി വരാം, കെ.എസ്.ആര്‍.ടി.സിയിലെ ഗൃഹാതുരത്വം നിറഞ്ഞ യാത്ര. ചുരുങ്ങിയ സമയം കൊണ്ടു തന്നെ യാത്ര വന്‍ ഹിറ്റായി. ഇതോടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോയിലേക്കും പദ്ധതി വ്യാപിപ്പിച്ചു.

 ഗവി, മലക്കപ്പാറ, മൂന്നാര്‍, വേളാങ്കണ്ണി, നാലമ്പല ദര്‍ശനം തുടങ്ങി നൂറ്റി ഇരുപതോളം പാക്കേജുകള്‍ ഇന്നു കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്. ഇതിലൂടെ കോടികളുടെ വരുമാനവും കെ.എസ്.ആര്‍.ടി.സി.ക്കു ലഭിക്കുന്നുണ്ട്.

പക്ഷേ, യാത്രയില്‍ നിന്നു കോടികളുടെ വരുമാനം ലഭിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ വെച്ചു പന്താടുന്ന അവസ്ഥയാണു കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്.
ചുരുക്കം ചില ഡിപ്പോകളില്‍ നിന്നു നല്ല ബസുകള്‍ ഓടിക്കുന്നു മാറ്റി നിര്‍ത്തിയാല്‍ എല്ലാം കണ്ടം ചെയ്യാറായ ബസുകളാണ്. പഴക്കം ചെന്ന ബസുകള്‍ ദീര്‍ഘ ദൂരം ഓടുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഡിസംബറില്‍  കൊരട്ടിയില്‍ നിന്നും മാമലക്കണ്ടം മൂന്നാര്‍ മാങ്കുളം പോയ ബജറ്റ് ടൂറിസം ബസ് മാങ്കുളം വെച്ചു ബ്രേക്ക് ഡൗണായി പോയി. ആനന്ദകരമായി യാത്ര നടത്തുന്നതിന്റെ ഇടയില്‍ സംഭവിച്ചത് ദുഃഖകരമായ സംഭവമാണ്.

 മണിക്കൂറുകളോളം യാത്രക്കാര്‍ ഇവിടെ കുടുങ്ങി. കഴിഞ്ഞ മെയില്‍ ചാലക്കുടി മലക്കപ്പാറ വനപാതയില്‍ ബസ് ബ്രേക്ക് ഡൗണായി യാത്രക്കാര്‍ കുടുങ്ങിയത് അഞ്ചു മണിക്കൂറോളമാണ്.
ഒറ്റപ്പെട്ട സംഭവമായാണു കെ.എസ്.ആര്‍.ടി.സി ഇതിനെയെല്ലാം വിലയിരുത്തുന്നത്. പുല്ലുപാറയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടിയുള്ള അപകടവും നാലു മരണവുമാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ഇന്നലെ ബജറ്റ് ടൂറിസം പദ്ധതിയില്‍ ലാഭം കൊയ്യാന്‍ ഗവി ബസ് മുടക്കി കെ.എസ്.ആര്‍.ടി.സി യാത്രക്കാരെ പെരുവഴിയിലാക്കിയതിനു പിന്നാലെയാണ് ഇന്നത്തെ അപകട വാര്‍ത്തയുമായി നേരം വെളുക്കുന്നത്.
പക്ഷേ ഇത്തരത്തില്‍ യാത്ര പോകുന്ന ബസ് തികച്ചും ഉന്നത നിലവാരം പുലര്‍ത്തുന്ന വാഹനം ആയിരിക്കണം. കെ.എസ്.ആര്‍.ടി.സി. ഇതില്‍ വീഴ്ച വരുത്തിയതാണു പുല്ലുപാറയിലെ അപകടത്തിലേക്കും നയിച്ചത്.

കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ പ്രഫഷണല്‍ രീതിയിലേക്കു മാറ്റേണ്ടത്തിന്റെ അവശ്യകതയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തരവാദിത്ത ടൂറിസം ആയിരിക്കണം കെ.എസ്.ആര്‍.ടി.സി നടത്തേണ്ടത്, അത് മാതൃകാപരവും ആയിരിക്കണം.

 യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തു നിന്നു ഉണ്ടാകണമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed