പൊന്നാനി: മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വൻശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ ഫലസ്തീനിലെ പൊരുതുന്ന സ്വാതന്ത്ര്യ പോരാളികൾക്കും ബൈത്തുൽ മുഖദ്ദസ് ഉൾപ്പെടെയുള്ള പവിത്ര കേന്ദ്രങ്ങൾക്കും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ബഹുജന മഹാറാലി സംഘടിപ്പിക്കാൻ പൊന്നാനിയിലെ മത, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ “സമന്വയം പൊന്നാനി” തീരുമാനിച്ചു.
ശനിയാഴ്ച (നവംബർ നാല്, 2023) വൈകുന്നേരം നാല് മണിക്ക് ചന്തപ്പടിയിൽ നിന്ന് ആരംഭിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി പൊന്നാനി അങ്ങാടി, കോടതിപ്പടി, ആശുപത്രി വഴി ബസ് സ്റ്റാൻഡിൽ സമാപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വിവരിച്ചു.
വൈദേശിക അധിനിവേശങ്ങളേയും അടിമത്തത്തേയും ചെറുത്തുനിൽക്കുകയും അവക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് വേദിയാവുകയും ചെയ്ത ചരിത്രപട്ടണമായ പൊന്നാനിയുടെ ബാധ്യതയാണ് സമകാലിക ലോകത്തെ വൻശക്തികളും കൊളോണിയൽ ശക്തികളും നേരിട്ടും അല്ലാതെയും ഫലസ്തീനിൽ ദശകങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പൈശാചികമായ അടിച്ചമർത്തൾക്കും ക്രൂരകൃത്യങ്ങൾക്കും ഇരയാവുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കൽ. ലോകത്തെങ്ങും നടക്കുന്ന ഇത്തരം സ്വാതന്ത്ര്യ നീക്കങ്ങളുടെ ഭാഗമായാണ് പൊന്നാനിയിലെയും പരിപാടികൾ.
വാർത്ത സമ്മേളനത്തിൽ സമന്വയം ചെയർമാൻ കെ എം മുഹമ്മദ് കാസിം കോയ, ജനറൽ കൺവീനർ അബ്ദുൽ മജീദ് ഫൈസി, കോർഡിനേറ്റർ അബ്ദുറഹിമാൻ ഫാറൂഖി, ഫിനാൻസ് സെക്രട്ടറി സി വി അബു സാലിഹ്, വൈസ് ചെയർമാൻ പി വി ലത്തീഫ് എന്നിവർ സംബന്ധിച്ചു.