കോഴിക്കോട്: ജനുവരി 10 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിര്‍ത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാര്‍.
ഒമ്പതുമാസത്തെ കുടിശികയായി മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കാനുള്ള 80 കോടി രൂപ നല്‍കാത്തതാണിതിന് കാരണമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) അറിയിച്ചു.
മരുന്നുവിതരണം നിര്‍ത്തുന്ന വിവരമറിയിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് പുറമേ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ന്യായവില മരുന്നുവില്‍പ്പനകേന്ദ്രം ഓഫീസര്‍ ഇന്‍ ചാര്‍ജ്, മെഡിക്കല്‍ കോളേജ് അക്കൗണ്ട് ഓഫീസര്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ടെന്ന് എ.കെ.സി.ഡി.എ. ജില്ലാ സെക്രട്ടറി സി. ശിവരാമന്‍ പറഞ്ഞു.