പത്തനംതിട്ട: ക്രിസ്തുവിന്റെ രാജ്യത്തോട് എല്ലാവർക്കും സ്നേഹമാണ്; പക്ഷേ അവന്റെ കുരിശ് ചുമക്കാൻ പലർക്കും മടിയാണെന്ന തോമസ് അക്വീനാസിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

ഇരുട്ട് നിറഞ്ഞ ഈ കാലഘട്ടത്തിൽ ക്രൈസ്തവ ദർശനം അനുവർത്തിക്കുന്നത് ജീവിത പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പത്തനംതിട്ട നിലയ്ക്കലിൽ എക്ക്യുമെനിക്കൽ ട്രസ്റ്റിന്റേയും സെന്റ് തോമസ് ദേവാലയത്തിന്റേയും  പ്രാർഥനാ സംഗമത്തിലും റൂബി ജൂബിലി ഉദ്ഘാടനത്തിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
ഗാന്ധിജി സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടായ ട്രസ്റ്റിഷിപ്പ് രൂപപ്പെടുത്തിയത് ബൈബിളിൽ നിന്നാണ്. എല്ലാം അവന്റെയാണ്. 
സമ്പത്തിന്റെ കാവൽക്കാർ മാത്രമാണ് നാം എന്നത് എല്ലാവരും തിരിച്ചറിയണം. നമ്മുടെ മുൻഗണന മാറ്റി ദൈവത്തിന് പ്രയോരിറ്റി നൽകുന്നതാകണം സമ്പത്തിന്റെ വിനിയോഗം. 
മനുഷ്യന്റെ പരിമിതിയും ക്രൈസ്തവ ബോധ്യത്തിൽ നിന്നുള്ള അകലവുമാണ് ഇന്ന് നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം. ഇത് മറികടക്കാൻ വിശ്വാസത്തിന് കഴിയും.
വിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും വഴിയിലൂടെ നടക്കുമ്പോൾ പീഡാനുഭവവും പരീക്ഷണങ്ങളും ഉണ്ടാകും. സംഘർഷങ്ങളുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.

രാജ്യത്ത് വൈദീകർ വെല്ലുവിളി നേരിടുന്നു. പലയിടങ്ങളിലും മിഷണറികൾ കൂട്ടത്തോടെ ആക്രമണം നേരിടേണ്ടി വരുന്നു. ഇതൊക്കെ മറികടന്ന് അവർ നടത്തുന്ന പ്രവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.

ഒരു രാഷ്ട്രീയക്കാരന്റെ കൗശലത്തോടെയും കൗതുകത്തോടെയും ക്രൈസ്തവർക്കിടെയിലെ വിവിധ വിഭാഗങ്ങളെ പറ്റി താൻ പഠിച്ചു. എല്ലാ ക്രൈസ്തവ വിഭാഗത്തെയും കുറിച്ച് അറിയാൻ ഈ പഠനം സഹായിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തടക്കം ഈ പഠനം ഏറെ സഹായകരമായി. 
പല രീതിയിൽ, പല വഴികളിൽ, ആചാരങ്ങളിൽ ഒക്കെ വ്യത്യസ്തമാണെങ്കിലും എല്ലാവരുടെയും യാത്ര ക്രിസ്തുവിലേക്കാണ്. ഈ എക്യൂമെനിസം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും വിഡി സതീശൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *