ഇന്ത്യയിലെ മാതൃകാ സംസ്ഥാനമാണ് കേരളം. നാനാജാതി മതസ്ഥർ സാഹോദര്യത്തോടെ കഴിയുന്നു. കേരളപ്പിറവി ദിനത്തിൽ അതങ്ങിനെ തന്നെ തുടരണമെന്ന പ്രതിജ്ഞ പുതുക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാമുദായിക വിഷയങ്ങളിൽ സംഘർഷം രൂപപ്പെടുമ്പോൾ അതൊന്നും തീരം സ്വാധീനിക്കാതെ ജീവിച്ചവരാണ് നമ്മൾ. പ്രബല വിഭാഗമെന്ന് പറയാൻ ഏതെങ്കിലും മതമോ, ജാതിയോ ഇവിടെയില്ല. പരസ്പരം മാനിച്ച് സ്നേഹം പങ്കു വെച്ച് ഐക്യത്തോടെ നമ്മൾ ജീവിച്ചു. എല്ലാ വിഭാഗങ്ങളിലും ചെറിയൊരു പക്ഷം വർഗീയതയുടെ സ്വാധീനത്തിൽ പെട്ടിട്ടുണ്ടെന്നത് നേര്. അതൊന്നും പൊതു സമൂഹത്തെ ബാധിക്കാറില്ല. ഫേസ്ബുക്കിലും വാട്ട്സപ്പിലും കാണുന്നതല്ല കേരളത്തിലെ ജീവിതമെന്ന് നാട്ടിൽ കഴിയുന്ന എല്ലാവർക്കുമറിയാം. എന്നാൽ തലമുറകളായി കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാൻ ചില കേന്ദ്രങ്ങൾ കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കാവുന്നതാണ്. ഒരു ഉദാഹരണം പറയാം. അനിൽ കെ. ആന്റണി എന്ന യുവ നേതാവിനെ എല്ലാവർക്കുമറിയാം. രണ്ടു തവണ കേരള മുഖ്യമന്ത്രിയായ, കേന്ദ്രത്തിൽ യു.പി.എ ഭരണമുണ്ടായപ്പോൾ പ്രധാന മന്ത്രി മൻമോഹൻ സിംഗ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിച്ച എ.കെ ആന്റണിയെന്ന അഴിമതിരഹിതനായ നല്ല നേതാവിന്റെ മകൻ. അദ്ദേഹം കോൺഗ്രസിലെ ഐടി സെൽ നിയന്ത്രിച്ച കാലത്ത് അനിലിന്റെ മഹദ് സിദ്ധികൾ ചില മലയാള പത്രങ്ങളിൽ വായിച്ചതോർക്കുന്നു. എന്നാലിപ്പോൾ ചെയ്യുന്ന പലതും കേരളത്തിന് ദോഷം ചെയ്യാനുള്ളതാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. കാസർകോട് ജില്ലയിലെ വിദ്യാർഥിനികൾ സ്വകാര്യ ബസിൽ യാത്ര ചെയ്യാൻ പാടുപെടുന്നു. ബുർഖ ധരിച്ച പെൺകുട്ടികൾ ബസ് തടഞ്ഞ് അതിൽ കയറി യാത്ര ചെയ്യുന്നു. ഇത്രയധികം കുട്ടികൾ വന്നു കയറിയത് രസിക്കാത്ത സഹയാത്രികയുമായി കശപിശയുണ്ടാവുന്നു. ബസിൽ കയറിയാൽ എല്ലാ മനുഷ്യരും ഇങ്ങിനെയാണല്ലോ. വഴിയിൽ ഇനിയാരെയും കയറ്റരുത് എന്നെ മാത്രം പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കണമെന്ന മനോഭാവമായിരിക്കും പലർക്കും. ഏതായാലും ഈ വീഡിയോ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിച്ചു. വടക്കൻ കേരളത്തിൽ പർദ ധരിക്കാതെ ബസിൽ കയറിയാൽ വിവരമറിയുമെന്നായിരുന്നു അടിക്കുറിപ്പ്. ഇതിന് സത്യവുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞ് മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ അടുത്ത ദിവസം തിരുത്തി. എന്നാൽ അനിൽ ആന്റണി സമൂഹ മാധ്യമത്തിലൂടെ ചീറ്റിയ വിഷം പശു ബെൽറ്റിൽ കൊടുങ്കാറ്റായി മാറുകയും ചെയ്തു. ഇതിന്റെ ക്ഷീണം മാറുന്നതിനിടയ്ക്കിതാ അടുത്തത് വരുന്നു. കൊച്ചിക്കടുത്ത കളമശ്ശേരിയിൽ 2500 പേർ പങ്കെടുത്ത പ്രാർഥനാ സദസ്സിൽ ബോംബ് സ്ഫോടനങ്ങൾ. ധാരാളം നിരപരാധികളെ കൊന്നൊടുക്കാനായിരുന്നു പദ്ധതിയെന്ന് തീർച്ച.
സമാധാനവും ശാന്തതയും പുലരുന്ന കേരളത്തിൽ ജനങ്ങൾ എക്കാലവും സ്വൈവരജീവിതം ആഗ്രഹിക്കുന്നവരാണ്. അതു തകർക്കാൻ ശ്രമിക്കുന്ന ഏതു ശക്തികളെയും അകറ്റിനിറുത്തുക എന്നതാണ് ഇവിടെ ജനങ്ങളുടെ പൊതുസമീപനം. കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സംഭവം നടന്ന് മൂന്നുനാലു മണിക്കൂറിനകം തന്നെ ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തത് പോലീസിന് ആശ്വാസം പകർന്നുവെന്ന് മാത്രമല്ല, സമൂഹത്തെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവെൻഷൻ നടന്ന ഹാളിൽ ബോംബുകൾ പൊട്ടിച്ചശേഷം സ്കൂട്ടറിൽ നാല്പത്തഞ്ചു കിലോമീറ്റർ സഞ്ചരിച്ച് തൃശൂരിലെ കൊടകര പോലീസ് സ്റ്റേഷനിലെത്തി ഡൊമിനിക് മാർട്ടിൻ എന്ന അക്രമി കുറ്റകൃത്യം ഏറ്റുപറഞ്ഞില്ലായിരുന്നുവെങ്കിൽ കേരളം ഇപ്പോഴും സങ്കൽപിക്കാനാകാത്ത വിധം മുൾമുനയിൽ നിൽക്കേണ്ടിവരുമായിരുന്നു.
വിശ്വസനീയമായ തെളിവുകൾ സഹിതം കുറ്റകൃത്യം കൃത്യമായി വിശദീകരിച്ചപ്പോൾ മാർട്ടിന്റെ കഥ പോലീസിനും വിശ്വസിക്കേണ്ടി വന്നു. സംസ്ഥാന സർക്കാർ കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ ഇരുപത്തൊന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ സത്യങ്ങളും പുറത്തു വരട്ടെ. സ്വയം കുറ്റം ഏറ്റെടുത്ത ഡൊമിനിക് മാർട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കത്തക്ക സൂചനകൾ ഉള്ളതിനാൽ വിപുലമായ അന്വേഷണം അനിവാര്യമായിരിക്കുകയാണ്. പ്രതി പോലീസിനോടു പറഞ്ഞ കാര്യങ്ങൾ മുഖവിലക്കെടുക്കാനും സാദ്ധ്യമല്ല. അത്രയേറെ അവിശ്വസനീയത കലർന്നതാണ് വിവരങ്ങളിൽ അധികവും. കീഴടങ്ങുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തൽ നടത്തിയത്. എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങൾ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയിൽ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയാണെന്നാണ് പറയുന്നത്. ഇപ്പറഞ്ഞ പലതിലും വ്യക്തത വരാനുണ്ട്.
ഈ സംഭവത്തിനും ഏഴ് മാസം മുമ്പാണ് കോഴിക്കോട് എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസ്. കർണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ഇത്. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും ആശങ്ക നീങ്ങിയിട്ടില്ല.
സംസ്ഥാനത്തെയാകെ ഭീതിയിലാക്കിയ കേസിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ദൽഹി ഷഹീൻബാഗിൽ നിന്നെത്തിയ ഒരാൾക്ക് ഒറ്റയ്ക്ക് ഇത്രയേറെ ഭീതിദമായ ആക്രമണം നടത്താൻ സാധിക്കുമോ എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.
കൊച്ചി എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കെതിരെ യു.എ.പി.എ ഉൾപ്പെടെ ചുമത്തി. ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നും ജനങ്ങളെ ഭീതിയിലാക്കുക എന്നതായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ലക്ഷ്യമെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. 2023 ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ പ്രതി തീവച്ചത്. കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. തീവെപ്പിൽ കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും പത്ത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ട്രെയിനിലെ ഡി വൺ കമ്പാർട്ട്മെന്റിലെത്തിയാണ് ഷാരൂഖ് സെയ്ഫി യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
രത്നഗിരിയിൽനിന്നാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. പിന്നീട് കേരള പോലീസിന് കൈമാറുകയായിരുന്നു. സമ്പർക്കക്രാന്തി എക്സ്പ്രസിൽ ദൽഹിയിൽ നിന്ന് ആദ്യമായാണ് ഇയാൾ കേരളത്തിലെത്തിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ സംഭവത്തിലും ആളുകളുടെ മനസ്സിൽ സംശയങ്ങൾ നിരവധിയാണ്. കേരളമെന്ന സങ്കൽപത്തെ ഇല്ലാതാക്കാനുള്ള ചീറ്റിപ്പോയ മറ്റൊരു നീക്കമാണിതെന്നും സംശയിക്കുന്നവരുണ്ട്.
കൂടുതൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടേ കളമശ്ശേയിലേത് പോലെ ഏതു സമ്മേളനങ്ങളും നടത്താവൂ എന്ന പാഠവും സ്ഫോടനം ഓർമപ്പെടുത്തുന്നു.
2023 November 2Articlestitle_en: Kerala should not be allowed to disappear