നിലമ്പൂർ ∙ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ചോലനായ്ക്കർ യുവാവ് മരിച്ചു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്.ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തി. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി 7ന് ആണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു. 9.30ന് ആണ് വനപാലകർക്കു വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കുണ്ട്. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. https://eveningkerala.com/images/logo.png