എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു എൺപതുകളിൽ ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശമായിരുന്ന നിയോ സന്യാസ ഗുരു ഓഷോ. ആഢംബര കാറുകളുടെ അകമ്പടിയും വർണ്ണവസ്ത്രപ്പകിട്ടും എന്നു വേണ്ട, അക്ഷരാർത്ഥത്തിൽ വേദിയിൽ നിറഞ്ഞാടിയ മിന്നും താരമായിരുന്നു രജനീഷ്. വശ്യ നിഗൂഢത നൃത്തമാടിയിരുന്ന ഓഷോ കമ്യൂണിന്റെ ഭാഗമാകാൻ സമ്പന്നരും കലാപ്രതിഭകളുമടക്കമുള്ളവർ വരി നിന്നു.
എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെന്നാലും അന്യാദൃശമായ വിഷയാവതരണ ശേഷിയും ചിരിയും ചിന്തയും ചേർന്ന തീഷ്ണ നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഓഷോയുടെ പ്രഭാഷണങ്ങൾ.
വ്യതിരിക്തമായ അഭിപ്രായങ്ങളും വ്യത്യസ്ത വീക്ഷണകോണും മാത്രമല്ല; മുഖം നോക്കാതെ നിർഭയത്വം മുഖമുദ്രയായുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും ആ പ്രഭാഷണങ്ങളിലുണ്ടായിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോൾ കാണാം.
ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വായിക്കുമ്പോൾ ആ നിരീക്ഷണങ്ങളിൽ പലതിനും ചെറുതല്ലാത്ത പ്രവചന സ്വഭാവമുള്ളതായി കാണാൻ കഴിയും. ഇസ്രയേലിന്റെ രൂപീകരണം ചരിത്രത്തിൽ അമേരിക്കയും ഇംഗ്ലണ്ടും ചേർന്നു നടത്തിയ ഗൂഢാലോചനയാണ് എന്ന് വ്യക്തമായും ദൃഢമായും അദ്ദേഹം അന്നു പറഞ്ഞു.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഓഷോ അമേരിക്കൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയതിനും പിന്നീട് കുടിയേറ്റ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നതിനും തുടർന്ന് ദുരൂഹമായി മരണപ്പെടുന്നതിനും ഇത്തരം ആശയ പരിസരങ്ങൾ തീർച്ചയായും കാരണമായിരിക്കാം.
ഹമാസ് രൂപീകരിക്കപ്പെടുന്നതിനും (1987) രണ്ടുവർഷം മുൻപ് 29/01/85 മുതൽ 27/02/85 വരെ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിലാണ് ഇസ്രയേൽ രൂപീകരണത്തിൽ തന്നെയുള്ള പ്രശ്നങ്ങളെപ്പറ്റി കൃത്യമായും പരാമർശിക്കപ്പെട്ടിരിക്കുന്നത്.
ഭാവിയിൽ ചോരയൊഴുകുന്ന മുറിപ്പാടു പോലെയാകും അത് എന്നും ആരും ഇതു പറയുന്നില്ല എന്നാൽ ഞാൻ ആദ്യമായി ഇതു നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു എന്നും ഓഷോ വ്യക്തമായി പറയുന്നുണ്ട്. ഈ പ്രഭാഷണങ്ങളുടെ സമാഹാരമായ From Misery to Enlightenment എന്ന പുസ്തകത്തിൽഇപ്രകാരം വായിക്കാം..
രാജ്യങ്ങൾ രൂപപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നത് രാഷ്ട്രീയ ചതുരംഗകളികൾ മാത്രമാണ്. നൂറുകണക്കിനു വർഷങ്ങളായി പുണ്യഭൂമിയായ ജറുസലേം അടങ്ങുന്ന ഇസ്രായേൽ എന്ന രാജ്യം പ്രത്യേകമായി അതിരു തിരിച്ച് അവിടെ ഉണ്ടായിരുന്നില്ല, ഇപ്പോൾ ഇതാ ഒരു രാജ്യമായി ഇസ്രായേൽ അവിടെ ഉണ്ട്.
ഇപ്പോൾ അത് ജൂതന്മാരുടെ മാതൃരാജ്യമാണ്, അതിനായി മരിക്കുക – കൊല്ലുക എന്നത് അവരുടെ ഉത്തരവാദിത്വം ആയി മാറിയിരിക്കുന്നു…അവരത് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കേണ്ടിവരും. അതിനുവേണ്ടി അവർ മരിക്കുന്നത് തുടരേണ്ടിവരും, ആ ദേശം മേലിൽ ഒരിക്കലും സുരക്ഷിതവും സമാധാനപരവുമായ ഭൂമിയാകാൻ പോകുന്നില്ല; അത് അസാധ്യമാണ്, കാരണം അത് മുഹമ്മദീയൻമാരാൽ ചുറ്റപ്പെട്ടിരിക്കുന്നു.
വാസ്തവത്തിൽ, നൂറ്റാണ്ടുകളായി ഇവിടം ഒരു മുഹമ്മദീയ രാജ്യമായിരുന്നു – പലസ്തീൻ. എന്നെങ്കിലുമൊരിക്കൽ അവിടം ജറുസലേം അടങ്ങുന്ന ജൂതന്മാരുടെ പുണ്യഭൂമിയായ ഇസ്രായേൽ ആയിരുന്നിരിക്കാം, പക്ഷേ അതിലേക്ക് ഒരിക്കലും തിരികെ പോകാൻ കഴിയില്ല. ആ മുഹമ്മദീയരും അത് വിട്ടുകൊടുക്കാൻ പോകുന്നില്ല.
രാഷ്ട്രീയമായി ഇസ്രയേൽ സൃഷ്ടിക്കപ്പെട്ടപ്പോൾ ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. പക്ഷേ അപ്പോഴും ഞാൻ പറഞ്ഞു, “ഇത് മണ്ടത്തരമാണ്, ഭൂപടം നോക്കൂ: ഇത് മുഹമ്മദീയൻമാരാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് ഒരു മുഹമ്മദീയ രാജ്യമാണ്.
ബ്രിട്ടീഷ്കാരും അമേരിക്കക്കാരും അധികാരത്തിലിരിക്കുന്നതിനാൽ അവർ അതിന്റെ പേര് മാറ്റി യഹൂദന്മാർക്ക് നൽകുന്നു എന്നേയുള്ളൂ. പേരു മാത്രമേ മാറുന്നുള്ളൂ. ഭാവിയിലെ പ്രശ്നമാണത്.
ബ്രിട്ടനും അമേരിക്കയും രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിക്കുകയും ഇവിടങ്ങൾ കോളനികളാക്കി അധികാരത്തിൽ വെയ്ക്കുകയായിരുന്നു.അവരുടെ സൈന്യം അവിടെയുണ്ടായിരുന്നതിനാൽ, അതിന്റെ ബലത്തിൻ കീഴിൽ ഇസ്രായേലിനെ ജൂതന്മാർക്ക് കേവലം കൈമാറ്റം ചെയ്തു, അത്ര തന്നെ.
ആ കൈമാറ്റം ഒരു സൗഹൃദ സൗമനസ്യ പ്രവൃത്തിയാണെന്ന് കരുതരുത്. അങ്ങനെയല്ല. അത് തികഞ്ഞ ശത്രുതയുടെ പ്രവൃത്തിയായിരുന്നു.
ശാശ്വതമായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം ഇസ്രായേലി ജൂതന്മാർക്ക് സൃഷ്ടിച്ചു നൽകുകയായിരുന്നു അവർ. അത് ഒരിക്കലും പരിഹരിക്കപ്പെടില്ല; അത് പരിഹരിക്കാൻ ഒരു മാർഗവുമില്ല.
യഹൂദന്മാർക്ക് നിരന്തരം യുദ്ധം ചെയ്യേണ്ടിവരും, അവർ ലോകമെമ്പാടും നിന്ന് സഹായം തേടുകയും – പ്രത്യേകിച്ച് അമേരിക്കയിൽ നിന്ന് സഹായം ആവശ്യപ്പെടുന്ന യാചകരായി തുടരേണ്ടിവരും.
അതിനാൽ അമേരിക്ക നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം വൃത്തികെട്ട ഒരു രാഷ്ട്രീയ കളിയാണവിടെ കളിച്ചത്. ജൂതന്മാരെ അവരുടെ പ്രശ്നങ്ങൾ സഹിതം ഒരിടത്ത് ചുറ്റിക്കെട്ടി നിർത്തുക എന്ന കളി. മുഴുവൻ പ്രശ്നവും അവിടെയാണ്.
ജൂതന്മാർ സന്തോഷിച്ചു അമേരിക്കയും ബ്രിട്ടനും കൂടെയുണ്ട്. നൂറ്റാണ്ടുകളായി ഞങ്ങൾ കൊതിക്കുന്ന മാതൃരാജ്യം ഇതാ.. അങ്ങേയറ്റത്തെ കെണിയായിരുന്നു അത്. ആരും ഇത് പറയുന്നില്ല. ഞാൻ ഈ വിഷയം ആദ്യമായി പറയുകയാണ്.
യഹൂദന്മാർ വേണ്ടത്ര ബുദ്ധിയുള്ളവരായിരുന്നെങ്കിൽ, അവർ അത് നിരസിക്കുകയും, “നൂറ്റാണ്ടുകളായി മുഹമ്മദീയൻമാരായിട്ടുള്ളവർ തിങ്ങിപ്പാർക്കുന്ന, മുഹമ്മദീയരുടെ ആധിപത്യമുള്ള ഒരു രാജ്യം ഞങ്ങൾക്ക് വേണ്ട, ഇപ്പോൾ അത് അവരുടെ രാജ്യമാണ്” എന്ന് പറയുമായിരുന്നു.
യഹൂദന്മാരോട് അമേരിക്കയ്ക്ക് അത്ര കരുണയുണ്ടെങ്കിൽ അവർക്ക് ഒറിഗോൺ കൊടുക്കുക. അതിനെ പുതിയ ഇസ്രായേൽ ആക്കുക . വളരെ നന്നായിരിക്കും . ഇസ്രായേലിൽ പാഴാക്കുന്ന പണമെല്ലാം അമേരിക്കയിൽ തന്നെ വന്നുചേരും. ഒറിഗോൺ ഒരു മനോഹരമായ രാജ്യമായി മാറും.
Osho (Mysery to Enlightenment)
– അഭീത കൃപ(സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, എംജിയു)