പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദിനാസറിന്‍റെ മുട്ട’; മേളകളിൽ തിളങ്ങി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം: ഏഴാമത് അണ്ണാബു സാതെ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ നേട്ടം കൊയ്ത് കോട്ടയം കെ ആർ നാരായണൻ നാഷനൽ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർ‌ഥികൾ. വിദ്യാർഥികൾ ഒരുക്കിയ ‘ദിനോസറിന്റെ മുട്ട’ മികച്ച എക്സ്പിരിമെന്റൽ ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. എം എസ് അഭിറാം മികച്ച എഡിറ്ററായും മുഹമ്മദ് താമിർ എം കെ മികച്ച ശബ്ദ ലേഖനത്തിനും ശബ്ദ മിശ്രണത്തിനുമുള്ള അവാർഡും കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി കോളജിലെ വിദ്യാർഥികൾ നിർമിച്ച ‘രാച്ചമ്മ’യാണ്. പുനെയിലാണ് ഫെസ്റ്റിവല്‍ നടന്നത്.

കോട്ടയം കെ ആർ നാരായണ നാഷനൽ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ ഫിലിം എഡിറ്റിങ് വിദ്യാർഥിയാണ് കോട്ടയം സ്വദേശി എം എസ് അഭിറാം. വയനാട് കണിയാമ്പറ്റ സ്വദേശിയായ മുഹമ്മദ് താമിർ അവസാന വർഷ ഓഡിയോഗ്രഫി വിദ്യാർഥിയാണ്.  ശ്രുതിൽ മാത്യുവാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. ഭവ്യ ബാബുരാജാണ് ഛായാഗ്രഹണം, അരവിന്ദ് നാരായണൻ, സത്യാനന്ദ് എൻ.എസ്- ആനിമേഷൻ, വൈശാഖ് സോമനാഥ്- സംഗീതം. 

തിരുവിതാംകൂർ – മലബാർ കുടിയേറ്റത്തിന്റെ കഥപറയുന്ന ഡോക്യുമെന്ററി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മോസ്കോയിൽ നടന്ന വിജിഐക‌െ സ്റ്റുഡൻസ് ഫെസ്റ്റിവൽ, അഹമ്മദാബാദിൽ നടന്ന അൽപ വിരാമ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്പബ്ലിക്കിൽ വച്ച് നടന്ന ജി ഹ്ലാവ ഐഡിഎഫ്എഫ് എന്നിവയിലും ദിനോസറിന്റെ മുട്ട മികച്ച നേട്ടം സ്വന്തമാക്കി.

By admin