എരുമേലി: അഴുതക്കടവിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന് ആവശ്യം ഉയരുന്നു. ശബരിമല തീർത്ഥാടകരടെ തിരക്കേറിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു ആവശ്യം ഉയരുന്നത്. നിലവിൽ രണ്ട് ലൈഫ് ഗാർഡുമാരാണു ഇവിടെ സേവനത്തിനുള്ളത്.
ദിവസം 17000 തീർത്ഥാടകർ വരെയാണ് കാൽനടയായി കാനന പാതയിലൂടെ കടന്നുപോകുന്നത്. ഇവർ അഴുതാനദിയിൽ കുളിച്ച ശേഷമാണ് പരമ്പരാഗത പാത വഴി മല ചവിട്ടുന്നത്.
24 മണിക്കൂറും ഇവിടെ തീർത്ഥാടകരുടെ സാന്നിധ്യമുണ്ട്. അതിനാൽ തീർത്ഥാടകരുടെ സുരക്ഷയെ കരുതി കൂടുതൽ ലൈഫ് ഗാർഡുമാരുടെ സേവനം വേണമെന്നാണ് ആവശ്യം. 2 വർഷം മുൻപ് ഇവിടെ ഒരു തീർഥാടകൻ മുങ്ങി മരിച്ച സംഭവവും ഉണ്ടായിരുന്നു.