തിരുവനന്തപുരം: അദാനിയുമായി വിവിധ സംസ്ഥാനങ്ങൾ നടത്തിയ വിവാദ ഇടപാടുകളുടെയും അഴിമതികളുടെയും കഥകൾ പുറത്തുവരുന്നതിനിടെ അനില്‍ അംബാനിയുടെ കമ്പനിയിൽ സംസ്ഥാന സർക്കാരിന്റെ കേരളാ ഫിനാൻഷ്യൽ കോർപറേഷൻ നിക്ഷേപം നടത്തിയത് വിവാദത്തിൽ.
അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നില്‍ കമ്മീഷന്‍ ലക്ഷ്യമിട്ടുള്ള അഴിമതിയാണെന്ന ഗുരുതരമായ ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉന്നയിച്ചത്
ഇടപാടിന്റെ രേഖകളും സതീശൻ പുറത്തുവിട്ടു. അംബാനി കമ്പനിയുമായുള്ള ഇടപാടിൽ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 101 കോടി രൂപയാണെന്നും സതീശൻ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ പണം നിക്ഷേപിച്ച് കോടികള്‍ നഷ്ടപ്പെടുത്തിയത് പുതിയ രാഷ്ട്രീയ വിവാദമായി വളരുമെന്ന് ഉറപ്പാണ്.
സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് -1951ലെ നിയമപ്രകാരം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനു വേണ്ടിയാണ് കെ.എഫ്.സി രൂപീകരിച്ചത്.
സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനം 2018 ഏപ്രിൽ 26ന് അനില്‍ അംബാനിയുടെ ആർ.സി.എഫ്.എൽ (Reliance commercial Finance Ltd) എന്ന സ്ഥാപനത്തിലാണ് 60.80 കോടി രൂപ നിക്ഷേപിച്ചു.
അനില്‍ അംബാനിയുടെ കമ്പനികളൊക്കെ തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്താണ് ഈ നിക്ഷേപം നടത്തിയത്. 2015 മുതല്‍ 18 വരെ അനില്‍ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു
രാജ്യത്തെ എല്ലാ ധനകാര്യ പ്രസിദ്ധീകരണങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്ത വന്നുകൊണ്ടിരിക്കെയാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്.
നിക്ഷേപത്തിനു പിന്നാലെ 2018-19 ലെ കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കമ്പനിയുടെ പേര് മറച്ചുവച്ചു. 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും കമ്പനിയുടെ പേര് മറച്ചുവച്ചു. 2020-21 ലെ റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ പേര് വരുന്നത്.
പക്ഷെ 2019 ല്‍ ആർ.സി.എഫ്.എൽ ലിക്വിഡേറ്റ് ചെയ്തു. ലിക്വിഡേഷന്റെ ഭാഗമായി 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നും 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.
60.80 കോടി നിക്ഷേപത്തിന് പലിശ ഉള്‍പ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്താണ് 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നു പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട പണം മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ നിക്ഷേപിച്ചതിലൂടെ ഗുരുതരമായ കുറ്റവും അഴിമതിയുമാണ് നടന്നത്.
വന്‍ തുക കമ്മീഷനായി വാങ്ങിയാണ് ഭരണ നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലിക്വിഡേറ്റ് ആകാന്‍ പോകുന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയത്. കമ്പനി തകര്‍ന്ന് നില്‍മ്പോള്‍ നടത്തിയ നിക്ഷേപം അറിയാതെ പറ്റിയ അബദ്ധമല്ല
2023-24 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ നിക്ഷേപത്തെ കുറിച്ച് അവ്യക്തമായാണ് പറയുന്നത്. ലിക്വിഡേറ്റ് ചെയ്ത കമ്പനിയില്‍ നിക്ഷേപിച്ച പണത്തില്‍ അവകാശവാദമുണ്ടെന്നാണ് ഇപ്പോഴും പറയുന്നത്.
ഗ്യാരന്റി വാങ്ങി ഉയര്‍ന്ന പലിശ നിരക്കില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുകയും അടച്ചില്ലെങ്കില്‍ സ്ഥാപനം ജപ്തി ചെയ്യുകയും ചെയ്യുന്ന കെ.എഫ്.സിയാണ് ഒരു ഗ്യാരന്റിയും ഇല്ലാതെ RCFL ല്‍ പണം നിക്ഷേപിച്ചത്.
ഇതു സംബന്ധിച്ച് പതിനൊന്നാം നിയമസഭ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പോലും ധനവകുപ്പ് മറുപടി നല്‍കിയിട്ടില്ല. റിലയൻസില്‍ നടത്തിയ നിക്ഷേപത്തിന്റെ കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം.
ഭരണത്തിന്റെ മറവില്‍ ഗുരുതരമായ അഴിമതിയാണ് നടന്നത്. നൂറ് കോടിയില്‍ അധികം നഷ്ടമുണ്ടാക്കിയ അഴിമതി അന്വേഷിക്കാന്‍ അടയന്തിരമായി സര്‍ക്കാര്‍ തീരുമാനിക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭരണ നേതൃത്വത്തിലുള്ളവരെ ഉള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം
ചെറുകിട ഇടത്തരം വ്യാവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കെ.എഫ്.സി നിയമ വിരുദ്ധമായാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയത്.
നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് മറച്ചുവച്ചതും അഴിമതി വ്യക്തമാക്കുന്നതാണ്. മൂന്നാം വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രമാണ് ഏത് കമ്പനിയിലാണ് നിക്ഷേപം നടത്തിയതെന്ന് കെ.എഫ്.സി വ്യക്തമാക്കിയത്.
പണം നഷ്ടപ്പെട്ടിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിമാരും അറിഞ്ഞില്ലേ? ലിക്വിഡേറ്റ് ചെയ്യപ്പെടാന്‍ പോകുന്ന കമ്പനിയാണെന്ന് അറിഞ്ഞു കൊണ്ട് നിക്ഷേപം നടത്തി എന്നതാണ് പ്രധാന ആരോപണം
കമ്മീഷന്‍ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തിയത്. കെ.എഫ്.സി ഡയറക്ടര്‍ ബോര്‍ഡ് പോലും അറിയാതെയാണ് ഇത്രയും പണം നിക്ഷേപിച്ചത്. ഇതെല്ലാം അന്വേഷിക്കണം. സര്‍ക്കാര്‍ മറുപടി നല്‍കിയ ശേഷം ഏതു തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.