ചങ്ങനാശേരി: ആര് വിചാരിച്ചാലും എന്‍.എസ്.എസുമായുള്ള ബന്ധം മുറിച്ചുമാറ്റാനാകില്ലെന്ന് രമേശ് ചെന്നിത്തല. പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സമുദായത്തെ കരുത്തനായി നയിക്കുന്നയാളാണ് സുകുമാരന്‍ നായര്‍. ആവശ്യഘട്ടങ്ങളില്‍ സുകുമാരന്‍ നായര്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നു. മന്നത്തിന്റെ കൈയിലുള്ള വടിയുടെ അദ്യശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുണ്ട്. എന്‍.എസ്.എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതാണ് ആ വടി.
എന്‍.എസ്.എസിനോട് നന്ദി. ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിത്. കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരില്‍ അഗ്രഗണ്യനാണ് മന്നത്ത് പത്മനാഭന്‍. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍.എസ്.എസാണ്. പ്രീഡിഗ്രി അഡ്മിഷന്‍ മുതല്‍ തുടങ്ങിയതാണിത്.
ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ് ആ ബന്ധം. കേരളീയ സമൂഹത്തെ പരിഷ്‌കരണത്തിന്റെ പാതയിലേക്ക് നയിച്ച മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ്. ഇന്നും ആവശ്യമായ ഘട്ടങ്ങള്‍ എല്ലാം സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തുന്നു.
ശബരിമല വിഷയമുണ്ടായപ്പോള്‍ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എന്‍.എസ്.എസ്. നേതൃത്വം സഞ്ചരിച്ചു. നാമജപ യാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ ശ്രമമെന്നും ജനങ്ങള്‍ ഓര്‍ക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.