കണ്ണൂർ സ്കൂൾ ബസ് അപകടം; യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്, ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം
കണ്ണൂർ: കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് മറ്റ് തകരാറുകൾ ഉണ്ടായിരുന്നോ എന്നതിൽ മോട്ടോർ വാഹന വകുപ്പ് വിശദ പരിശോധന നടത്തും. അപകട സമയത്ത് ഡ്രൈവർ ഫോൺ ഉപയോഗിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. അശാസ്ത്രീയമായി നിർമിച്ച റോഡും ഡ്രൈവറുടെ ശ്രദ്ധക്കുറവും അപകടകാരണമായെന്നാണ് എംവിഡിയുടെ പ്രാഥമിക നിഗമനം.
അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ പതിനെട്ട് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.
അതേസമയം, സ്കൂൾ ബസ് അപകടത്തിൽ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുകയാണ്. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരം. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പ്രതികരിച്ചു.