തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ബീഹാറിലെ പട്നയിൽ കൂടിക്കാഴ്ച നടത്തി.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇരുവരെയും കാണാനെത്തി. സൗഹൃദ സന്ദർശനം എന്നാണ് ആർലേക്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചതെങ്കിലും കേരളത്തിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും ആരിഫ് ഖാൻ ആർലേക്കറെ ധരിപ്പിച്ചു.
രാജ്യത്തെ ഏക ഇടതു സർക്കാരിനെ അഞ്ചേകാൽ വർഷം വെള്ളം കുടിപ്പിച്ച ആരിഫ് ഖാൻ സ്വീകരിച്ച അതേ നയമായിരിക്കും ആർലേക്കറും സ്വീകരിക്കുക.
ആരിഫ് ഖാൻ താനൊരു ആർ.എസ്.എസ് അനുഭാവിയും സഹയാത്രികനും മാത്രമായിരുന്നു എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ആർ.എസ്.എസ് കേഡറാണ് പുതിയ ഗവർണർ ആർലേക്കർ.
ആർലേക്കറുടെ വരവ് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വിലയിരുത്തപ്പെടുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഗോവയിൽ ക്രൈസ്തവരെ ബി.ജെ.പിയുമായി അടുപ്പിച്ചത് ആർലേക്കറാണ്.
മുസ്ലീങ്ങൾ നിർണായകമായ ബീഹാറിലേക്ക് ആരിഫ് ഖാനെ മാറ്റിയതും, ക്രൈസ്തവരെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുന്ന കേരളത്തിലേക്ക് ആർലേക്കറെ കൊണ്ടുവരുന്നതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ആർലേക്കറുമായി വളരെ കരുതലോടെയായിരിക്കും സർക്കാർ ഇടപെടുക. അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കാനും രാജ്ഭവനിലേക്ക് ആനയിക്കാനും സർക്കാർ പ്രതിനിധികളും മന്ത്രിമാരും എത്തും. ആദ്യം അനുനയത്തിന്റെ ഭാഷയായിരിക്കും ആർലേക്കറോട് സർക്കാർ കാട്ടുക.
ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് ആർലേക്കർ തിരുവനന്തപുരത്ത് എത്തും. ഹൈദരാബാദ്- തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹം എത്തുക.
വിമാനത്താവളത്തിൽ സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ സ്വീകരിക്കും. അഞ്ചരയോടെ രാജ്ഭവനിലെത്തും. ആർലേക്കറുടെ മകനും മരുമകളും ഇന്ന് രാത്രി 8ന് രാജ്ഭവനിലെത്തും.
ജനുവരി രണ്ടിന് രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കം 400പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ 180 പേർക്ക് ഇരിക്കാം. ശേഷിക്കുന്നവർക്കായി രാജ്ഭവൻ മുറ്റത്ത് പന്തലിടും.
ആരിഫ് ഖാനെപ്പോലെ, ആർലേക്കറും ബീഹാറിലും ഹിമാചലിലും ജനങ്ങൾക്കായി രാജ്ഭവന്റെ വാതിലുകൾ തുറന്നിടുകയും കോളനികളിലടക്കം സന്ദർശനം നടത്തുകയും ചെയ്ത് ജനകീയനെന്ന് പേരെടുത്തയാളാണ്. എന്നാൽ വിവാദങ്ങൾ വിളിച്ചുവരുത്തുന്നതിൽ തത്പരനും.
സത്യഗ്രഹത്തെ പേടിച്ചല്ല, ജനങ്ങൾ ആയുധമെടുത്തതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യവിട്ടതെന്ന കഴിഞ്ഞയാഴ്ചത്തെ പ്രസംഗമാണ് ഒടുവിലത്തെ വിവാദം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി നേതൃത്വവുമായും ബന്ധമുള്ള, കറകളഞ്ഞ ആർ.എസ്.എസുകാരനായ ആർലേക്കറെ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നരവർഷം ശേഷിക്കവേ കേരളത്തിലേക്കയയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ്.
ഗോവയിൽ നിന്നുള്ള നേതാവായ ആർലേക്കർ ക്രൈസ്തവ സഭകളുമായുള്ള പാലമായി മാറുമെന്നതാണ് ലക്ഷ്യങ്ങളിലൊന്ന്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഗോവയിൽ ബിജെപിയെ അധികാരത്തിലെത്തിച്ച നേതാക്കളിൽ പ്രമുഖനാണ്.
ഗോവയിൽ മന്ത്രിയായും സ്പീക്കറായും രണ്ടിടത്ത് ഗവർണറായും പയറ്റിത്തെളിഞ്ഞ ആർലേക്കറെ മെരുക്കുക സർക്കാരിന് വെല്ലുവിളിയായിരിക്കും. സർവകലാശാലാ വി.സി നിയമനങ്ങളിലടക്കം ആരിഫ് ഖാന്റെ നയങ്ങൾ ആർലേക്കറും തുടരാനാണിട.
ആരിഫ് ഖാനേക്കാൾ ഇടതുപക്ഷത്തിന്റെ കടുത്ത വിമർശകനാണ് ആർലേക്കർ. ഇടതുപക്ഷ ചരിത്രകാരന്മാർ ചരിത്രത്തെ വളച്ചൊടിക്കുന്നെന്നും ഇടതുപക്ഷക്കാർക്ക് രാജ്യത്തോട് കൂറില്ലെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ പക്ഷം.
ബീഹാറിൽ ഗവർണറായിരിക്കെ, സർക്കാർ നൽകിയ വൈസ്ചാൻസലർ നിയമനശുപാർശ തിരിച്ചയച്ച് മുഖ്യമന്ത്രി നിതീഷ്കുമാറുമായി കൊമ്പുകോർത്തു.
ഡൽഹി ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിനെതിരായ പരാമർശവും വിവാദമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് കരുതി കനയ്യയ്ക്ക് എന്തും പറയാനാവില്ലെന്നായിരുന്നു ആർലേക്കറുടെ പരാമർശം.
ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കാനായിരുന്നു ധാരണ. ഇനി പുതിയ ഗവർണറുടെ സമയം തേടിയ ശേഷമായിരിക്കും നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കുക.
സർക്കാരുമായി പുതിയ ഗവർണറും ഉടക്കിടുക യൂണിവേഴ്സിറ്റി വിഷയങ്ങളിലായിരിക്കും. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സർവകലാശാലാ വിഷയങ്ങളിൽ നേരിട്ടിടപെട്ട് ബിഹാർ സർക്കാരുമായി പോരടിച്ചാണ് ആർലേക്കറുടെ വരവ്.
ഗോവ സ്വദേശിയായ ആർലേക്കർ ബി.ജെ.പി. രൂപംകൊണ്ട 1980 മുതൽ പാർട്ടിയുടെ ഭാഗമാണ്. ബി.ജെ.പി. ഗോവ ജനറൽ സെക്രട്ടറിയുമായിരുന്നു.
സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് അച്ചടക്കം ഉറപ്പാക്കാൻ രണ്ടുവർഷത്തെ പട്ടാളസേവനം നിർബന്ധമാക്കണമെന്ന ആർലേക്കറിന്റെ നിലപാടും വിമർശനത്തിന് ഇടയാക്കിയിരുന്നു.
വിരമിച്ച ജഡ്ജിമാരായ വി. ഷെർസി, അശോക് മേനോൻ എന്നിവരെ ഉപലോകായുക്തമാരായും പി.എസ്.സി. അംഗമായി റിഷ ടി. ഗോപാലിനെയും നിയമിക്കാനുള്ള സർക്കാർ ശുപാർശ ഒപ്പിടാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ പോയത്. ഇക്കാര്യത്തിൽ ആർലേക്കറായിരിക്കും തീരുമാനമെടുക്കേണ്ടത്.