കൊച്ചി: പുതുവത്സരത്തിന് ആരെയും പെരുവഴിയില്‍ കിടത്താന്‍ എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് താല്‍പ്പര്യമില്ല. പകരം സെയ്ഫായി വീട്ടിലെത്തിക്കും. 
പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാര്‍ ഹോട്ടലുകളില്‍ പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് ആര്‍ടിഒ നിര്‍ദ്ദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണ് ആര്‍ടിഒ പുതുവഴി അവതരിപ്പിച്ചത്.

മദ്യപിച്ച് ബോധമില്ലാതെ വാഹനമോടിച്ച് വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് ബാറുകള്‍ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നു നിര്‍ദ്ദേശിച്ചത്. 

ഹോട്ടലുകള്‍ പ്രഫഷണല്‍ ഡ്രൈവര്‍മാരെ ക്രമീകരിക്കുകയോ നിയുക്ത ഡ്രൈവര്‍ സേവനങ്ങളുമായി ബന്ധപ്പെടുകയോ വേണം.
 ഹോട്ടലുകളില്‍ എത്തുന്നവര്‍ക്കു ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാണെന്ന് അറിയിക്കുകയും ആവശ്യമുള്ളവര്‍ നേരത്തേ ബുക് ചെയ്യുകയും വേണം.
 

ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ വിസമ്മതിക്കുകയും മദ്യ ലഹരിയില്‍ വാഹനമോടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഹോട്ടല്‍ അധികൃതര്‍ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആര്‍ടിഒയെയോ അറിയിക്കണം. 

ഡ്രൈവറെ ലഭ്യമാക്കുക മാത്രമല്ല, മദ്യപിച്ചു വാഹനമോടിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഉപഭോക്താക്കളോടു ഹോട്ടലുകാര്‍ ആശയവിനിമയം നടത്തണമെന്നും ആര്‍ടിഒ പറയുന്നു.
ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അതിനെക്കുറിച്ചു പറയുന്നതു റജിസ്റ്ററില്‍ രേഖപ്പെടുത്തണം.

 ഇത് അധികൃതര്‍ പരിശോധിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed